‘കതിർമണി’ ഹിറ്റ്‌, 
രണ്ടാഴ്ചയ്‌ക്കിടെ വിറ്റത്‌ 12.50ടൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 01:54 AM | 0 min read

 
കൊല്ലം
തരിശുഭൂമി കൃഷിയോഗ്യമാക്കി നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ‘കതിർമണി’ പദ്ധതിയിൽ ഉൽപ്പാദിപ്പിച്ച മട്ടഅരിക്ക്‌ ആവശ്യക്കാർ ഏറെ. വിപണിയിലെത്തിച്ച 12.50 ടൺ അരിയാണ്‌ രണ്ടാഴ്ചയ്‌ക്കിടെ വിറ്റുപോയത്‌. അഞ്ചുകിലോ പാക്കറ്റുകളിൽ ‘കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കതിർമണി മട്ടഅരി' എന്ന പേരിൽ എത്തിച്ച അരി ആദ്യഘട്ടം 2500പാക്കറ്റാണ്‌ വിറ്റഴിഞ്ഞത്‌. 7500 പാക്കറ്റ്‌ കൂടി ഉടൻ വിപണിയിലെത്തും. ജില്ലാ പഞ്ചായത്ത് വിപണനകേന്ദ്രത്തിനു പുറമെ കൃഷിഭവൻ, ജില്ലാ പഞ്ചായത്ത് ഫാമുകൾ എന്നിവിടങ്ങളിലൂടെ വിൽക്കുന്ന പാക്കറ്റിന്‌ 325രൂപയാണ്‌ വില. പവിത്രേശ്വരം, അഞ്ചൽ, ഇളമാട്, മൈലം, ഉമ്മന്നൂർ, മൈനാ​ഗപ്പള്ളി, തഴവ, പിറവന്തൂർ തുടങ്ങി വിവിധ പഞ്ചായത്തുകളിൽനിന്ന് സംഭരിച്ച നെൽ ഓയിൽപാം ഇന്ത്യയുടെ വൈക്കം വെച്ചൂർ റൈസ് മില്ലിൽനിന്നാണ് അരിയാക്കി എത്തിക്കുന്നത്. 60ശതമാനം തവിട്‌ നിലനിർത്തി ബ്രാൻഡ്‌ ചെയ്‌ത മട്ടയരി ഓണംവിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്‌ ജില്ലാ പഞ്ചായത്ത്‌.  
ജില്ലയിലെ ഒരു ഭൂമിയും തിരിശിടരുതെന്ന ലക്ഷ്യത്തോടെ 345 ഏക്കർ തരിശുഭൂമിയിലാണ്‌ നെൽക്കൃഷി ആരംഭിച്ചത്. ശ്രേയസ്സ്‌, മനുരത്ന, ജ്യോതി ഇനങ്ങളാണ് കൃഷിചെയ്തത്. രണ്ടുകോടിയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. രണ്ടര ഏക്കറിന് 35,000 രൂപ സബ്സിഡി നൽകിയാണ്‌ കൃഷി. സ്ഥലം ഉടമയ്ക്ക് 5000 രൂപയും സഹായമുണ്ട്‌. 28 പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കിയത്. കൃഷിഭവനുകളുടെ സഹകരണത്തോടെ പാടശേഖര സമിതികൾ, കർഷകർ, സ്വയംസഹായ സംഘങ്ങൾ, കാർഷിക കർമസേന, സർവീസ് സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ സംഘങ്ങൾ, യുവജന ക്ലബ്ബുകൾ തുടങ്ങിയവർ ഉൾപ്പെടുന്ന ഗ്രൂപ്പുകളാണ്‌ കൃഷിക്കു പിന്നിൽ. സപ്ലൈകോ നിരക്കായ കിലോയ്ക്ക് 28.20രൂപ നൽകിയാണ് നെല്ല് സംഭരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ തനതുഫണ്ട്‌ വിനിയോഗിച്ച്‌  യഥാസമയം കർഷകർക്ക്‌ താങ്ങുവില നൽകുന്നു. 1000 ഏക്കറിൽ നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള പ്രവർത്തനവും പുരോഗമിക്കുന്നുണ്ട്‌. 2.25 കോടി രൂപയാണ് ഇതിന്‌ വകയിരുത്തിയിട്ടുള്ളതെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home