കാണാക്കാഴ്ചയൊരുക്കി കന്യാർക്കയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 02:27 AM | 0 min read

 

 
കടയ്ക്കൽ
പാറക്കൂട്ടങ്ങളിൽ തട്ടി വെള്ളം ചിന്നിച്ചിതറി നൂറടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര കാഴ്ചയൊരുക്കി കന്യാർക്കയം വെള്ളച്ചാട്ടം. എണ്ണപ്പനത്തോട്ടത്തിനു നടുവിൽ സ്ഥിതിചെയ്യുന്ന കന്യാർക്കയം ഇട്ടിവ പഞ്ചായത്തിലാണ്. എന്നാൽ, ഈ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ അധികമെത്താറില്ല. എണ്ണപ്പനത്തോട്ടത്തിനകത്തുള്ള വെള്ളച്ചാട്ടത്തെക്കുറിച്ച് അധികമാർക്കും അറിവില്ലെന്നതുതന്നെ കാരണം. 
ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ എസ്റ്റേറ്റിലാണ് കന്യാർക്കയം വെള്ളച്ചാട്ടം. ഇത്തിക്കരയാറിന്റെ ഉത്ഭവസ്ഥാനത്തിന് സമീപത്താണിത്. എണ്ണപ്പനത്തോട്ടത്തിന് നടുവിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളടങ്ങിയ മനോഹരകാഴ്ചയാണുള്ളത്. പാറകളിൽനിന്ന് പാറകളിലേക്ക് കയറാൻ കഴിയുന്നതും കുളിക്കാൻ കൂടുതൽ സൗകര്യങ്ങളുള്ളതുമാണ് കന്യാർകയത്തെ ഇഷ്ടകേന്ദ്രമാകുന്നത്. ഭക്ഷണം പാകംചെയ്ത് കഴിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. വിശാലമായ എണ്ണപ്പനത്തോട്ടത്തിലൂടെയുള്ള യാത്രയും ജലപാതവും കോർത്തിണക്കി ഫാം ടൂറിസം പദ്ധതിക്ക് നേരത്തേ ഓയിൽപാം അധികൃതർ പദ്ധതി തയ്യാറാക്കിയിരുന്നു. 
ഇവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികളെ പിന്നോട്ടടിക്കുന്നുണ്ട്. കടയ്ക്കൽ–- --അഞ്ചൽ റൂട്ടിൽ തുടയന്നൂർ വഴിയും ചിതറ -കൊച്ചാലുംമൂട് വഴിയും എണ്ണപ്പനത്തോട്ടത്തിലൂടെ കന്യാർക്കയത്തിലെത്താം. മെച്ചപ്പെട്ട യാത്രാസൗകര്യവും ലുക്ക്ഔട്ട് പോയിന്റ്, വിശ്രമസങ്കേതം, ഇരിപ്പിടങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയുമൊരുക്കി വെള്ളച്ചാട്ടത്തെ കൂടുതൽ ആസ്വാദ്യകരമാക്കാം.


deshabhimani section

Related News

View More
0 comments
Sort by

Home