പള്ളിക്കലാറിലെ നീരൊഴുക്ക് സുഗമമാക്കൽ പൂർത്തീകരണത്തിലേക്ക്

കരുനാഗപ്പള്ളി
പള്ളിക്കലാറിലെ തടസ്സങ്ങൾ ഒഴിവാക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപ്പാക്കുന്ന പദ്ധതി പൂർത്തീകരണത്തിലേക്ക്. നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും ഒഴുക്ക് തടസ്സപ്പെടുത്തി നിൽക്കുന്ന മരച്ചില്ലകൾ തുടങ്ങിയവയെല്ലാം നീക്കം ചെയ്യുന്ന നടപടിയാണ് പുരോഗമിക്കുന്നത്. ഇത്തരത്തിൽ നദിയുടെ ഒഴുക്കിനു തടസ്സമുണ്ടാകുന്ന പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നടപടികൾ പുരോഗമിക്കുന്നു. അവസാനഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത് തൊടിയൂർ പഞ്ചായത്തിന്റെ ഭാഗമായ കല്ലുകടവിനു സമീപത്താണ്. നേരത്തെ കൂരിക്കുഴി പാലം, മണ്ണിട്ട ഡാം, കാരൂർകടവ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. പുഴയിലേക്ക് ജനസമ്പർക്കം കൂടുതലുണ്ടാകുന്ന കടവുകളും മറ്റും കേന്ദ്രീകരിച്ചും ചെളിയും എക്കലും ഉൾപ്പെടെ നീക്കുന്ന പ്രവർത്തനവും ഇതോടൊപ്പം നടക്കുന്നുണ്ട്. മഴ ശക്തമാകാനുള്ള സാധ്യതകൂടി പരിഗണിച്ചാണ് കൊല്ലം മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. മുമ്പ് പള്ളിക്കലാറിൽ വ്യാപകമായി പായലുകൾ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടുകയും ഇരുകരകളിലേക്കും വെള്ളം കയറുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്തിരുന്നു.









0 comments