കാസര്‍കോടിനെ ശരിയാക്കാൻ കലക്ടർ രംഗത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2018, 05:33 PM | 0 min read

കാസർകോട് 
കാസർകോട് നഗര വികസനത്തിന് കലക്ടർ ഡോ. ഡി സജിത്‌ബാബുവിന്റെ നേതൃത്വത്തിൽ സിറ്റി ഡവലപ്‌മെന്റ് പ്രോജക്ട്‌ നടപ്പാക്കും. ജില്ലാ ആസ്ഥാനമായിട്ടും നഗരവികസനത്തോട‌് മുനിസിപ്പാലിറ്റി മുഖംതിരിഞ്ഞുനിൽക്കുമ്പോഴാണ‌് കലക്ടർ പദ്ധതി അവതരിപ്പിച്ചത‌്. പഴയ പ്രസ‌്ക്ലബ്‌ ജങ‌്ഷൻ (ചന്ദ്രഗിരി ജങ‌്ഷൻ) മുതൽ പുതിയ ബസ്‌സ്‌റ്റാൻഡ്‌ ട്രാഫിക് സർക്കിൾ വരെയും കറന്തക്കാട് ട്രാഫിക് സർക്കിൾ മുതൽ പുതിയ ബസ്‌സ്‌റ്റാൻഡ്‌ വരെയും പുതിയ ബസ്‌സ്‌റ്റാൻഡ്‌ സർക്കിൾ മുതൽ നുള്ളിപ്പാടി അയ്യപ്പ ഭജനമന്ദിരം വരെയും റോഡും റോഡരികും നവീകരിച്ച് സൗന്ദര്യവൽക്കരണ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. മികച്ച നടപ്പാതകൾ, നടപ്പാതകളിൽ ചെടികൾ നട്ടുപിടിപ്പിക്കൽ, കുട്ടികളുടെ പാർക്ക്, റീഹാബിലിറ്റേഷൻ സെന്റർ, ഫുഡ് കോർട്ടുകൾ, വൈകുന്നേരങ്ങളിൽ സാംസ്‌കാരിക പരിപാടികൾ എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്‌. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ നഗരത്തിലെ വാഹന പാർക്കിങ് ക്രമീകരിക്കും. പേ പാർക്കിങ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിന‌്  നഗരസഭാ സെക്രട്ടറിക്ക്‌ നിർദേശം നൽകിയതായും കലക്ടർ പറഞ്ഞു. 
നഗരത്തിലെ മാലിന്യ സംസ്‌കരണത്തിന് മധ്യപ്രദേശിലെ  ഇൻഡോറിൽ നടപ്പാക്കിയ  ശുചിത്വപ്രക്രിയ മാതൃകയാക്കി 'ബിൻ ഫ്രീ കാസർകോട്‌'  നടപ്പാക്കും. ഇൻഡോർ മാതൃക നടപ്പാക്കിയ എൻജിനിയർ ഡോ. വാസിയെ കാസർകോട‌് എത്തിച്ച് പദ്ധതിയുടെ രൂപരേഖയുണ്ടാക്കുമെന്ന് കലക്ടർ അറിയിച്ചു. നഗരസവികസന പദ്ധതിയുടെ  ഉത്തരവിന്റെ പകർപ്പ്‌ കാസർകോട്‌ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ശുചിത്വ സെമിനാറിൽ എൻ എ നെല്ലിക്കുന്ന്‌ എംഎൽഎയ്‌ക്ക്‌ കലക്ടർ കൈമാറി. ഇത്‌ എംഎൽഎ പ്രസംഗത്തിനിടെ വായിച്ചു. തുടർന്ന്‌ ഈ പദ്ധതി തന്റെ ആവശ്യമായിരുന്നുവെന്നും അതിനായി കഴിഞ്ഞ കലക്ടറുടെ കാലത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകിയതാണെന്നും പ്രതീക്ഷിക്കാതെയാണ്‌ ഈ നിവേദനം മുഖ്യമന്ത്രി ഡിടിപിസിക്ക്‌ കൈമാറിയതെന്നും അവകാശവാദമുയർത്തി. 
ഏഴര വർഷം എംഎൽഎയായിട്ടും കാസർകോട്‌ നഗരത്തിന്റെ വികസനത്തിന്‌ കാതലായ പദ്ധതികളൊന്നും നടപ്പാക്കാത്ത എംഎൽഎ, കലക്ടർ മുൻകൈയെടുത്ത്‌ തയ്യാറാക്കിയ വികസന രൂപരേഖ തന്റെ ശ്രമഫലമായാണ്‌ വന്നതെന്ന്‌ വരുത്താനുള്ള ശ്രമമാണ്‌ നടത്തിയത്‌. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിൽ  ചെറിയ തോതിലെങ്കിലും പാർക്കിങ്‌ സൗകര്യം ഏർപ്പെടുത്താത്ത നഗരസഭയും എംഎൽഎയും ഏതായാലും കലക്ടറുടെ നിർദേശത്തെ വാനോളം പുകഴ്‌ത്തി. 
ജില്ലയുടെ ആസ്ഥാന നഗരമായ കാസർകോടിന്റെ മുഖഛായ മാറ്റുന്നവിധമുള്ള പദ്ധതിയാണ്‌ കലക്ടർ വിഭാവനം ചെയ്‌തിട്ടുള്ളത്‌. ഇരുട്ടുപരക്കുന്നതോടെ നിശ്ചലമാകുന്ന നഗരത്തെ സാംസ്‌കാരിക പരിപാടികളിലൂടെയും മറ്റും സജീവമാക്കാനും പദ്ധതിയുണ്ടെന്ന്‌ കലക്ടർ പറഞ്ഞു.  പദ്ധതി നിർവഹണത്തിനായി കലക്ടർ സെക്രട്ടറിയും എൻ എ നെല്ലിക്കുന്ന് എംഎൽഎ ചെയർമാനും ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കൺവീനറുമായ കമ്മിറ്റിയും നിലവിൽവന്നു. ഇവർക്ക്‌ പുറമെ നഗരസഭാ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം, ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി എന്നിവരും കമ്മിറ്റിയിലുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home