സുബൈദ വധക്കേസ‌് വിചാരണ ആരംഭിച്ചു

കാഞ്ഞങ്ങാട‌്
പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. കോടതി പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. ജയിൽ ചാടിയ കർണാടക സുള്ള്യ അജാവാരയിലെ അസീസ് ഒഴികെയുള്ള മറ്റു പ്രതികളെ കോടതിയിൽ ഹാജരാക്കി.
ജനുവരി 19നാണ് സുബൈദയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൈകാലുകൾ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. കേസിൽ മധൂർ പട്ള കുഞ്ചാർ കോട്ടക്കണ്ണി റോഡിൽ നസ്രീന മൻസിലിൽ അബ്ദുൽ ഖാദർ (26), പട്ള കുതിരപ്പാടിയിലെ ബാവ അസീസ്, കർണാടക സുള്ള്യ അജാവാര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹർഷാദ് എന്നിവരാണ് പ്രതികൾ. സുള്ള്യയിലെ അസീസാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. അന്വേഷണത്തിന് നേതൃത്വം നൽകിയ ബേക്കൽ സി ഐ വിശ്വംഭരനാണ് 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാലാംപ്രതിയെ മാപ്പ് സാക്ഷിയാക്കിയിട്ടുണ്ട്. മൊത്തം ഒമ്പത‌് സാക്ഷികളാണ് കേസിലുള്ളത്. 60 തൊണ്ടിമൊതലുകളും ഹാജരാക്കിയിട്ടുണ്ട്. മൂന്നുമാസം തികയുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് തടയാൻ കഴിഞ്ഞു. കവർച്ചാ മുതലുകളും കൃത്യം നടത്താൻ ഉപയോഗിച്ച രണ്ടു കാറുകളും ആയുധങ്ങളും കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞു എന്നതാണ് അന്വേഷണ സംഘത്തിന്റെ മികവ്.










0 comments