ബാവിക്കര സ്ഥിരം തടയണ: രൂപരേഖയിൽ മാറ്റം

ബോവിക്കാനം
ബാവിക്കര സ്ഥിരം തടയണയുടെ പുനർ നിർമാണത്തിന്റെ ഭാഗമായി പദ്ധതി രൂപരേഖയിൽ മാറ്റം വരുത്തി. പഴയ കരാറുകാരൻ പ്രവൃത്തി ആരംഭിച്ചപ്പോൾ ഏതാനും കോൺക്രീറ്റ് തൂണുകൾ നിർമിച്ചിരുന്നു. പുതിയ നിർമാണ പ്രവൃത്തികൾ ഒരേ ഉയരത്തിലാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി എംഎൽഎമാരായ കെ കുഞ്ഞിരാമൻ, എൻ എ നെല്ലിക്കുന്ന് എന്നിവർ സുപ്രണ്ടിങ‌് എൻജിനിയർ രവീന്ദ്രനുൾപ്പെടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്നാണ് പ്ലാനിൽ ഭേദഗതി വരുത്താൻ തീരുമാനമായത്.
കരാറുകാരൻ ഉപേക്ഷിച്ചു പോയ പദ്ധതി പുതുതായി ഏറ്റെടുത്ത ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക‌്ഷൻ കമ്പനി 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സൈറ്റിലേക്കുള്ള പുതിയ റോഡിന്റെ കാര്യത്തിലും ട്രാക്ടർ വേ നിർമിക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനമെടുക്കുമെന്ന് കെ കുഞ്ഞിരാമൻ എംഎൽഎ പറഞ്ഞു.
12 മീറ്റർ നീളത്തിലുള്ള നാലു ഷട്ടറുകളായിട്ടാണ് സ്ഥിരം തടയണ നിർമിക്കുന്നത്. ഇതിനായി 18 മീറ്റർ ഉയരത്തിലുള്ള അഞ്ചു കോൺക്രീറ്റ് തൂണുകളും നിർമിക്കും. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡാണ് രൂപരേഖ തയാറാക്കിയിട്ടുളളത്.
തടയണ നിർമാണം പൂർത്തിയാവുന്നതോടെ വേനൽക്കാലത്ത് ഉപ്പുവെള്ളം കുടിച്ചു വലയുന്ന കാസർകോട് നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദുരിതത്തിന് അറുതിയാവും.









0 comments