സുരക്ഷിതമാവാൻ കെ–സേഫ് റെഡി

കണ്ണൂർ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും അവശ്യ സേവനങ്ങളും വിരൽതുമ്പിൽ ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ കെ സേഫ് മൊബൈൽ ആപ്ലിക്കേഷൻ റെഡിയായി. കണ്ണൂർ സർവകലാശാലയുടെ സഹകരണത്തോടെ നിർമിച്ച ആപ്ലിക്കേഷൻ ജില്ലാ പഞ്ചായത്ത് ഹാളിൽ വി ശിവദാസൻ എംപി ലോഞ്ച് ചെയ്‌തു. നിലവിൽ ജില്ലയിലെ ചിറക്കൽ, മയ്യിൽ പഞ്ചായത്തുകളിൽ പ്രവർത്തനം ആരംഭിച്ച ആപ്പിന്റെ സേവനം താമസിയാതെ ജില്ലയിലുടനീളവും ഭാവിയിൽ കേരളത്തിലെ എല്ലാപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന് മുഖ്യാതിഥിയായ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. സർവകലാശാല ഐടി വിഭാഗം അസോസിയറ്റ് പ്രൊഫ. ഡോ. എൻ എസ് ശ്രീകാന്ത് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഐടി വിഭാഗം അസി.പ്രൊഫസർ കെ സുമേഷിന്റെ നേതൃത്വത്തിൽ കെ പി അജിത്, വി നിമൽ, കെ പി വിഷണുനാഥ്, അഖിൽ ഷാജി, പി കെ വിഷ്ണു എന്നിവരാണ് ആപ് രൂപകൽപന ചെയ്‌തത്. സർവകലാശാല ഐടി ഡയറക്ടർ ഡോ. ആർ കെ സുനിൽകുമാർ സ്വാഗതം പറഞ്ഞു.










0 comments