വെള്ളമിറങ്ങി; അരയി മേഖലയിൽ ആശ്വാസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 10:44 PM | 0 min read

 

കാഞ്ഞങ്ങാട്
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയിൽ പാലം നിർമിക്കാനായി മണ്ണിട്ട്‌  പുഴയുടെ സ്വാഭാവിക ഒഴുക്ക് തടഞ്ഞതോടെ വെള്ളക്കെട്ടിലായ അരയി, കാർത്തിക പ്രദേശത്തെ നേന്ത്രവാഴ കർഷകരെ രക്ഷിക്കാൻ അടിയന്തിര നടപടി. 
ദേശീയപാത കരാറുകാരായ മേഘ കൺസ്ട്രകഷ്ൻ, പുഴയുടെ ഗതി തടയാനായി മണ്ണിട്ട് നിർമിച്ച ബണ്ട് പൊളിച്ച് നീക്കി വെള്ളക്കെട്ട്‌ ഒഴിവാക്കി. ബണ്ട് ഒരുഭാഗത്ത് പൊളിച്ചപ്പോൾതന്നെ വെള്ളക്കെട്ട്‌ ഒഴിവായി. 
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതിനെ തുടർന്ന് അരയി, കാർത്തിക പ്രദേശങ്ങളിലെ 300 കർഷകരുടെ ഒന്നര ലക്ഷത്തിലധികം വരുന്ന വാഴകൃഷിയാണ് വെള്ളത്തിലായത്.  
മേഖലയിലെ ചീര അടക്കമുള്ള പച്ചക്കറി കൃഷിയും മധുര കിഴങ്ങ് കൃഷിയുമാണ്‌ കൂടുതൽ നശിച്ചത്. 
അരയി വെള്ളരിക്കണ്ടം, കോടാളി, വിരിപ്പുവയല്‍, ചിറക്കാല്‍, കാര്‍ത്തിക വയല്‍ തുടങ്ങി പനങ്കാവുവരെ നീളുന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്.  
സ്ഥലത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ എന്നിവർ സന്ദർശിച്ചു. നേതാക്കൾ മേഘ കമ്പനി അധികൃതരുമായി സംസാരിച്ചു. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയുള്ള നിർമാണം ഒഴിവാക്കണമെന്ന്‌ നേതാക്കൾ നിർദേശിച്ചു.
ഇ ചന്ദ്രശേഖരൻ എംഎൽഎ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, കലക്ടർ കെ ഇമ്പശേഖർ എന്നിവരും സ്ഥലം സന്ദർശിച്ചു. കൃഷി നാശത്തെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി രാഘവേന്ദ്രക്ക്‌ കലക്ടര്‍ നിര്‍ദേശം നല്‍കി. 
നഗരസഭാ കൗണ്‍സിലര്‍ കെ വി മായാകുമാരി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ വി സരസ്വതി, കെ ലത, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി രാഘവേന്ദ്ര, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സ്മിത നന്ദിനി, കാഞ്ഞങ്ങാട് കൃഷി ഫീൽഡ് അസിസ്റ്റന്റ്‌ കെ മുരളീധരൻ,  കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ കെ രാജൻ എന്നിവരും സ്ഥലത്തെത്തി.
 


deshabhimani section

Related News

View More
0 comments
Sort by

Home