തുരുത്തി – കോട്ടക്കുന്ന് 
പാലം പണിക്ക് വേഗമേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 11:47 PM | 0 min read

പാപ്പിനിശേരി
ദേശീയപാതാ ബൈപ്പാസിൽ കണ്ണൂർ റീച്ചിലെ വളപട്ടണം പാലത്തിന്റെ പണി ദ്രുതഗതിയിൽ. പാപ്പിനിശേരി തുരുത്തി ഭാഗത്ത് സ്പാനുകൾ ഉയർന്നു. തൂണുകളുടെ നിർമാണം ഭൂരിഭാഗവും പൂർത്തിയായി. പാലത്തിന്റെ മാറ്റംവരുത്തിയ അലൈൻമെന്റ്‌പ്രകാരം നാവിഗേഷൻ സൗകര്യത്തിനായി ഉയരത്തിൽ പുഴയുടെ മധ്യഭാഗത്ത് സ്ഥാപിക്കുന്ന തൂണുകളുടെ നിർമാണമാണ് ബാക്കിയുള്ളത്. അവയുടെ നിർമാണവും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് ദേശീയപാതാ അധികൃതർ വ്യക്തമാക്കി. നിശ്‌ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ. പുഴയുടെ ഭാഗത്തുമാത്രം 740 മീറ്ററാണ് നീളം. ഇരുഭാഗത്തെ അനുബന്ധ റോഡടക്കം ഒരു കിലോമീറ്ററിലധികം പാലത്തിന് നീളമുണ്ടാകും.
പാലത്തിന്റെ രൂപരേഖയിൽ മാറ്റംവരുത്താൻ നിർദേശിച്ചതിനെത്തുടർന്നാണ്‌ മാസങ്ങളായി പാലം പ്രവൃത്തി മന്ദഗതിയിലായത്‌. ഡക്കർ ഉൾപ്പടെയുള്ള വലിയ യാത്രാ ബോട്ടുകൾക്കുകൂടി പാലത്തിനടിയിലൂടെപോകാനുള്ള സൗകര്യംകൂടി ഉൾപ്പെടുത്തിയാണ് പുതിയ രൂപരേഖ. ഇൻലാൻഡ് നാവിഗേഷൻ അധികൃതരുടെ ആവശ്യമനുസരിച്ച്‌ വളപട്ടണം പുഴയിലെ ഭാവി വിനോദസഞ്ചാര സാധ്യത മുന്നിൽക്കണ്ടാണ്‌ മാറ്റം. 
മധ്യഭാഗത്തെ ഒരു സ്പാനിന്റെ നീളം 50 മീറ്ററാക്കിയിട്ടുണ്ട്.  മറ്റ് സ്പാനുകളും സമാനരീതിയിൽ ഉയരംകൂട്ടി. ഒരു ഭാഗത്ത്‌ 19 സ്പാനുകൾവീതം ആകെ 38 തൂണുകളാണുള്ളത്. തുരുത്തിഭാഗത്തെ സ്പാനുകൾ ഉയർത്തിക്കഴിഞ്ഞു. കോട്ടക്കുന്നിൽ തൂണുകളുടെ നിർമാണം പൂർത്തിയായെങ്കിലും സ്പാനുകൾ ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചിട്ടില്ല. പുതിയ പാലത്തിന് 190 കോടി രൂപയാണ് ചെലവ്.


deshabhimani section

Related News

View More
0 comments
Sort by

Home