ചൊക്രമുടി മലമുകളിലെ തടയണ പൊളിച്ചുമാറ്റണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 12:47 AM | 0 min read

 ശാന്തൻപാറ 

ചൊക്രമുടിയിൽ കൈയേറ്റക്കാർ അനധികൃതമായി നിർമിച്ച തടയണ പൊളിച്ചുമാറ്റണമെന്ന് ബൈസൺവാലി പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി തടയണ മണ്ണിട്ട് നികത്തേണ്ടതില്ലെന്നും പൂര്‍ണമായും പൊളിക്കണമെന്നും തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലക്‍ടര്‍‍ക്ക് അയച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ചൊക്രമുടി മലയുടെ മുകളിൽ അനധികൃതമായി നിർമിച്ചിട്ടുള്ള ബണ്ട് പൊളിച്ചുനീക്കണമെന്ന വിവിധ അന്വേഷണസംഘം നൽകിയ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മേഖല സ്ഥിതിചെയ്യുന്ന ബൈസൺവാലി പഞ്ചായത്ത് കമ്മിറ്റിയുടെ ഔദ്യോഗിക തീരുമാനം. 
മണ്ണിട്ടു നികത്തിയാൽ സ്വാഭാവിക ജലം ഒഴുക്കിന് തടസമാവുകയും ചിലപ്പോൾ കുത്തിയൊഴുക്കും ഉണ്ടായേക്കാം. തടയണ മൂടിയാൽ താഴ്‍വാരത്തെ ജനങ്ങൾക്ക് ഭീഷണിയാകുമെന്നും പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. ഈ നിഗമനത്തിൽ തന്നെയാണ് നേരത്തെ സ്ഥലം സന്ദർശിച്ച മണ്ണ് സംരക്ഷണ, മൈനർ ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തിയത്. മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കുൾപ്പെടെ തടയണ ഭീഷണിയാണെന്ന് നേരത്തെ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഐജി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം റിപ്പോർട്ട് നൽകിയിരുന്നു. റവന്യു വകുപ്പിന്റെ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. 
ബണ്ട് നികത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കലക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. തുടർന്ന് നടപടി സ്വീകരിക്കാൻ കലക്ടർ പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സാങ്കേതിക ഉപദേശം തേടി പഞ്ചായത്ത് മൈനർ ഇറിഗേഷൻ, മണ്ണ് സംരക്ഷണ വകുപ്പുകൾക്ക് കത്തുനൽകി. തുടർന്നാണ് വകുപ്പുകളുടെ ഉദ്യോഗസ്ഥർ ചൊക്രമുടി കൈയേറ്റവും തടയണ മേഖലയും നേരിട്ട് കണ്ടത്. ഇവിടെനിന്ന് തന്നെ മണ്ണെടുത്ത് ബണ്ട് നികത്തിയാൽ മഴക്കാലത്ത് താഴെയുള്ള താമസക്കാര്‍ക്ക് നാശമുണ്ടായേക്കാം എന്നാണ് വിലയിരുത്തപ്പെട്ടത്. 
വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ജിയോ സിന്തറ്റിക് ക്ലെ ലൈനർ ഷീറ്റ് വിരിച്ച് പുല്ല്, രാമച്ചം പോലുള്ള സസ്യങ്ങൾ വച്ചുപിടിപ്പിക്കണം എന്ന ചില ഉദ്യോ​ഗസ്ഥരുടെ നിർദേശത്തിനെതിരേയും വിമർശനമുണ്ടായി. തടയണ പൂർണമായി പൊളിച്ചു മാറ്റേണ്ടതില്ലെന്ന വിലയിരുത്തലിനെതിരെ പ്രദേശവാസികളിൽനിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home