ശാന്തിഗ്രാം സ്റ്റേഡിയം മുഖം മിനുക്കുന്നു

കട്ടപ്പന
ഇരട്ടയാർ, ശാന്തിഗ്രാം മേഖലകളിലെ കായികതാരങ്ങളുടെ സ്വപ്‌നം പൂവണിയുന്നു. ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയത്തിന്റെ നവീകരണം തുടങ്ങി. കായിക വകുപ്പിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിപ്രകാരം ഒരുകോടി രൂപ ചെലവഴിച്ചാണ് ശാന്തിഗ്രാം സ്റ്റേഡിയം മുഖംമിനുക്കുന്നത്. എം എം മണി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷവും സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് 50 ലക്ഷവും അനുവദിച്ചിരുന്നു.
മൈതാനം നിരപ്പാക്കുന്ന ജോലികളാണിപ്പോൾ നടക്കുന്നത്. തുടർന്ന് സംരക്ഷണഭിത്തി, മൂന്നുവശങ്ങളിലും ഫെൻസിങ്, ഫ്ളഡ് ലൈറ്റ് സിസ്റ്റം എന്നിവ നിർമിക്കും. നവീകരണം പൂർത്തിയാകുമ്പോൾ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ, അത്ലറ്റിക്സ് മത്സരങ്ങൾ ഇവിടെ നടത്താനാകും. കൂടാതെ പകലും രാത്രിയും മത്സരങ്ങൾ സംഘടിപ്പിക്കാം.
ഇരട്ടയാർ, ശാന്തിഗ്രാം, തങ്കമണി മേഖലകളിലെ താരങ്ങളും ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികളും ഇവിടെയാണ് കായിക പരിശീലനം നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയിൽ, വൈസ് പ്രസിഡന്റ് രജനി സജി, മുൻ പ്രസിഡന്റുമാരായ ജിഷാ ഷാജി, ജിൻസൺ വർക്കി എന്നിവയുടെ മേൽനോട്ടത്തിലാണ് നിർമാണ ജോലികൾ നടക്കുന്നത്.
Related News

0 comments