സേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌; മുൻ സൈനികൻ അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 30, 2023, 01:49 AM | 0 min read

കൊച്ചി> ഇന്ത്യൻ കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയ മുൻ സൈനികൻ പിടിയിൽ. മരട് അസറ്റ് കൊട്ടാരം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കൊല്ലം ആണ്ടൂർ പൂവനത്തുംവിള വീട്ടിൽ സന്തോഷ്‌കുമാറാണ്‌ (48) എറണാകുളം സൗത്ത്‌ പൊലീസി​ന്റെ പിടിയിലായത്. സന്തോഷ്‌കുമാറിനെ സൈന്യത്തി​ന്റെ മിലിട്ടറി ഇന്റലിജൻസ്‌ ഉദ്യോഗസ്ഥരും ചോദ്യം ചെയ്‌തു.

വിവിധ ജില്ലകളിലെ 17 സ്‌റ്റേഷനുകളിലായി 37 കേസുകൾ ഇയാളുടെ പേരിലുണ്ട്‌. ചെക്ക്‌ കേസുകളുമുണ്ട്‌. മക്കളുമായി കടന്നുകളഞ്ഞെന്ന രണ്ടാംഭാര്യയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തപ്പോൾ സേനയിൽ ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിനെക്കുറിച്ച്‌ വിവരം ലഭിച്ചു. സൗത്ത്‌ പൊലീസിൽ ഇതുമായി ബന്ധപ്പെട്ട പരാതിയുള്ളതിനാൽ അവിടെ അറിയിച്ചു. ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്.

കണ്ണൂർ, മലപ്പുറം സ്വദേശികളായ ഉദ്യോഗാർഥികൾ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ബംഗളൂരുവിൽ കരസേനാ റിക്രൂട്ട്മെന്റ്‌ കേന്ദ്രത്തിൽനിന്നാണ്‌ സന്തോഷ്‌കുമാർ ഉദ്യോഗാർഥികളുടെ വിവരം ശേഖരിച്ചിരുന്നത്‌. ഉദ്യോ​ഗാർഥികളെ വിളിച്ച്, സേനയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ ഉന്നത ബന്ധങ്ങളുണ്ടെന്നും പണം നൽകിയാൽ ജോലി നൽകാമെന്നും വാഗ്‌ദാനം ചെയ്യും. തുടർന്ന് അക്കൗണ്ട്‌ വിവരങ്ങളും കൈമാറും. ഒരാളിൽനിന്ന്‌ മൂന്നുലക്ഷം രൂപവരെ കൈക്കലാക്കിയിട്ടുണ്ട്‌. തട്ടിപ്പിനിരയായതോടെ ഉദ്യോഗാർഥികൾ സ്‌റ്റേഷനിൽ പരാതിയുമായി എത്തും. സമാന കേസിൽ ഇയാൾ നേരത്തേയും അറസ്‌റ്റിലാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌.

12 കൊല്ലമായി തട്ടിപ്പ്‌ നടത്തിവരുന്നു. സേനയുടെ മിലിട്ടറി ഇന്റലിജൻസ്‌ വിഭാഗത്തിലും ഇയാൾ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കൂടുതൽപേർ തട്ടിപ്പിനിരയായി എന്നാണ് നിഗമനം. പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് സൗത്ത്‌ പൊലീസ്‌ ഇൻസ്‌പെക്ടർ ഫൈസൽ പറഞ്ഞു. ഭാര്യയുമായി കലഹിച്ച്‌ കുട്ടികളുമായി കടന്ന കേസിലും ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home