സംഘടനയുടെ കരുത്ത്‌ വർധിപ്പിച്ചു: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 01:14 AM | 0 min read

കായംകുളം
ഏരിയ സമ്മേളനത്തോടെ കായംകുളത്തെ സിപിഐ എമ്മിന്റെ കരുത്ത്‌ വർധിപ്പിക്കാനായതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
എല്ലാ കള്ള പ്രചാരവേലകളെയും തള്ളിയെന്നും പാർടി ഒറ്റക്കെട്ടാണെന്ന് തെളിയിക്കാൻ കഴിഞ്ഞതായും അവർ പറഞ്ഞു. ഏരിയ സമ്മേളനവും ഏരിയയിലെ 263 ബ്രാഞ്ച് സമ്മേളനങ്ങളും 14 ലോക്കല്‍ സമ്മേളനങ്ങളും ഐകകണ്‌ഠ്യേനയാണ് നടപടിക്രമം പൂര്‍ത്തീകരിച്ചത്. ഏരിയ സമ്മേളന  ഭാഗമായി തൊഴിലാളി സംഗമം, വനിതാ സംഗമം, മണ്‍മറഞ്ഞ പഴയകാല പാര്‍ടി പ്രവര്‍ത്തകരെ ആദരിക്കുന്ന സ്മൃതി ദിനം, 3840 പാര്‍ടി അംഗങ്ങളുടെയും വീടുകളിലും ബ്രാഞ്ച്–--ലോക്കല്‍ ഏരിയ കേന്ദ്രങ്ങളിലും പതാകദിനാചരണം, പതാകജാഥ എന്നിവ പ്രവർത്തകരിലും നാട്ടിലും ആവേശമുണ്ടാക്കാനായി.  സമ്മേളനത്തില്‍ വിഭാഗീയത ഉണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്.  
മൂന്നുതവണ ഏരിയ സെക്രട്ടറി ആയതിനാലാണ് പാര്‍ടി മാനദണ്ഡമനുസരിച്ച് പി അരവിന്ദാക്ഷനെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്.  മൂന്നുതവണ ഏരിയാസെക്രട്ടറിയായവരെ ജില്ലയിലെ പല ഏരിയകളിലും ഒഴിവാക്കിയിട്ടുണ്ട്. ഐകകണ്‌ഠ്യേനയാണ് ഏരിയ സെക്രട്ടറിയായി ബി അബിന്‍ഷായെയും 21 അംഗ കമ്മിറ്റിയെയും 34 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ടി നേതാക്കളെയും പ്രസ്ഥാനത്തെയും സോഷ്യല്‍ മീഡിയ വഴി അവഹേളിക്കാൻ ശ്രമം ഉണ്ടായി. ഇത്തരം നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും  നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എച്ച് ബാബുജാന്‍, എ മഹേന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അരവിന്ദാക്ഷൻ, എൻ ശിവദാസൻ, ഏരിയ സെക്രട്ടറി ബി അബിൻഷാ, പി ശശികല, ജി ശ്രീനിവാസന്‍, എസ് നസീം എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home