print edition പേരാമ്പ്രയിലൂടെ ചീറിപ്പായും വികസന ബൈപ്പാസ്

കോഴിക്കോട്: പേരാമ്പ്രയുടെ മുക്കിലും മൂലയിലും വികസനമെത്തിച്ച ആത്മവിശ്വാസവുമായി ജനവിധി തേടുന്ന ടി പി രാമകൃഷ്‌ണന് ജനങ്ങൾക്കിടയിൽ പ്രത്യേക മുഖവുരയൊന്നും വേണ്ട. ഇന്ദിരയുടെ കാലത്ത് കക്കയം ക്യാമ്പിൽ ക്രൂരമർദനത്തിന് ഇരയായ ടി പി അന്നുമിന്നും പേരാമ്പ്രയുടെ സിരകൾക്ക് ആവേശം പകരുന്ന നേതാവാണ്.
പത്തുവർഷത്തിൽ 1950 കോടിയുടെ വികസനങ്ങളാണ് പേരാമ്പ്രയിലെത്തിയത്. ടൗണിലെ കുരുക്കഴിക്കുകയും സാധാരണക്കാരന് ജീവനോപാധികൾ തുറന്നുനൽകുകയും ചെയ്താണ് ബൈപാസിലൂടെ നാട് കുതിക്കുന്നത്. സർക്കാർ നിയന്ത്രണത്തിൽ രാജ്യത്തെ ആദ്യ കരിയർ ഡെവലപ്‌മെന്റ് സെന്റർ പൂർത്തിയാക്കി.
31 പ്രധാന റോഡുകൾക്കായി 356.82 കോടി രൂപയും 14 പാലങ്ങൾക്കായി 205.35 കോടിയും ചെലവിട്ടു. മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 119 സ്കൂളുകളിലായി 740 ക്ലാസ് മുറികൾ ഹൈടെക്കാക്കി.
കാർഷിക മേഖലയിൽ വിവിധ പദ്ധതികൾക്കായി 33 കോടി രൂപ ചെലവിട്ടു. നെല്ല്, മത്സ്യ കൃഷികളും ഫാം ടൂറിസവും ഏകോപിപ്പിച്ചുള്ള ബൃഹദ്‌പദ്ധതിയും ഒൗഷധ സസ്യകൃഷി ആരംഭിക്കാനുള്ള പദ്ധതിയും കൂത്താളിയിലെ നാളികേരപാർക്കും കൂൺഗ്രാമം പദ്ധതിയുമെല്ലാം കാർഷിക മേഖലയുടെ മുഖഛായ മാറ്റി.
എട്ട് പട്ടികജാതി നഗറുകളുടെ വികസനത്തിനായി ഏഴരക്കോടി രൂപ ചെലവിട്ടു. നവകേരള സദസ്സിന്റെ ഭാഗമായി പ്രഖ്യാപിച്ച ബയോളജിക്കൽ പാർക്കിന്റെ ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചു. 290 കോടി രൂപയാണ് നിർമാണ ചെലവ്. 3.34 കോടിയിൽ ചേർമല കേവ് പദ്ധതി നടപ്പാക്കി.
കോഴിക്കോട് കോർപറേഷൻ കൗൺസിലറും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഫാത്തിമ തഹ്-ലിയയാണ് യുഡിഎഫ് സ്ഥാനാർഥി. ഹരിത സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലിതങ്ങൾക്കെതിരായടക്കം വാർത്താസമ്മേളനം നടത്തി വിവാദം സൃഷ്‌ടിച്ചിട്ടുണ്ട്. ബിജെപി മേഖലാ സെക്രട്ടറിയാണ് എൻഡിഎ സ്ഥാനാർഥി എം മോഹനൻ. ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, മേപ്പയൂർ, തറയൂർ, കീഴരിയൂർ, അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.










0 comments