print edition ഓർക്കണം യുഡിഎഫ് കാലത്തെ കൊള്ള

തിരുവനന്തപുരം: ഭരണത്തിലിരിക്കുമ്പോൾ അഴിമതിയും വിശ്വാസികളെ ചതിക്കലും. ഭരണമില്ലാത്ത കാലത്ത് മുതലക്കണ്ണീർ. വിശ്വാസത്തെ വോട്ടിനായി ദുരുപയോഗിക്കുന്നതിൽ യുഡിഎഫിനും ബിജെപിക്കും ഒരേതന്ത്രം. ശബരിമലയുടെ മറവിൽ ധൂർത്തും അഴിമതിയും നടമാടിയത് കോൺഗ്രസ് ഭരണകാലയളവിലാണ്.
ബെയ്‌ലി പാലത്തിൽ 3.15 കോടി
ആരും തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച ശബരിമലയിലെ ബെയ്‌ലി പാലത്തിന് വേണ്ടി 3.15 കോടിയാണ് ദേവസ്വം ബോർഡിന് പാഴായത്. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനെന്ന പേരിലായിരുന്നു 2005ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബെയ്‌ലി പാലം സ്ഥാപിച്ചത്.
അന്ന് കേന്ദ്ര യുപിഎ സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് മുൻകൈയെടുത്ത് രാജസ്ഥാനിലെ ജോധ്‌പുരിൽ ഉപേക്ഷിച്ച പാലത്തിന്റെ അവശിഷ്‌ടം ഇവിടെ എത്തിച്ചത് സൗജന്യമെന്ന് പറഞ്ഞാണ്. എന്നാൽ ലോറി വാടകയിനത്തിൽ 15 ലക്ഷം രൂപ ദേവസ്വം ബോർഡിന് നൽകേണ്ടിവന്നു. സന്നിധാനത്തിന് പുറകിൽ പാലം സ്ഥാപിക്കാൻ ബോർഡിന് ചെലവായത് മൂന്നു കോടി രൂപയും. ഇന്ന് ഇൗ പാലം ഉപയോഗശൂന്യം.
വനവൽക്കരണത്തിൽ 7.5 കോടി
2005ൽ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ നിലയ്‌ക്കലിലും പമ്പയിലുമായി 305 ഏക്കർ വനഭൂമി ഏറ്റെടുക്കാൻ ആലോചന നടന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ദേവസ്വം ബോർഡ് പ്രസിഡന്റ് ജി രാമൻനായരും പ്രധാനമന്ത്രിയെ കണ്ടെങ്കിലും ഒന്നും നടന്നില്ല. വനവൽക്കരണത്തിന് ഇടുക്കി കന്പക്കല്ലിൽ ഭൂമി കണ്ടെത്തുകയും 7.5 കോടി രൂപ ദേവസ്വം ബോർഡ് അഡ്വാൻസ് നൽകുകയുംചെയ്‌തു. ഇൗ തുക എങ്ങോട്ടുപോയി എന്നത് ആർക്കുമറിയില്ല.
പ്രശ്‌നപരിഹാരം പിന്നെ ശർക്കരക്കൊള്ള
ദേവപ്രശ്‌നത്തിലെ കണ്ടെത്തലിന്റെ പേരിൽ 2006ൽ നടന്ന അഴിമതികൾ മറയ്ക്കാനാവില്ല. കോടികളാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ദേവസ്വം ഭരണസമിതി ധൂർത്തടിച്ചത്. സന്നിധാനത്തെ ഭസ്‌മക്കുളം മാറ്റിസ്ഥാപിക്കണമെന്നും കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തി പുതിയത് പണിയണമെന്നും ജ്യോത്സ്യനെക്കൊണ്ട് പറയിപ്പിച്ചതുവഴി കോടികൾ തട്ടുകയായിരുന്നു ലക്ഷ്യം. ശ്രദ്ധതിരിക്കാൻ ‘അയ്യപ്പവിഗ്രഹത്തിൽ സ്‌ത്രീസ്‌പർശ’മെന്നും പ്രചരിപ്പിച്ചു. യുഡിഎഫ് ഭരണത്തിൽ വി എസ് ശിവകുമാർ ദേവസ്വംമന്ത്രിയായിരുന്നപ്പോഴാണ് ആന്ധ്രയിൽനിന്ന് ശർക്കര വാങ്ങിയതിൽ കോടികളുടെ അഴിമതി.
പാത്രം വാങ്ങി 1.81 കോടി തട്ടി
2011-നും 2016-നുമിടയിൽ ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി നടന്നതായി ദേവസ്വം ബോർഡ് നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിൽ കണ്ടെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും മുൻ ദേവസ്വംമന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനുമായ വി എസ് ജയകുമാർ ആണ് പ്രധാന പ്രതി.









0 comments