ad
Deshabhimani

വള്ളുവനാടിന്റെ 
കാർഷിക മണ്ണ്‌

Z
വെബ് ഡെസ്ക്

Published on Mar 10, 2026, 12:00 AM | 1 min read

മങ്കട

വള്ളുവനാടിന്റെ ഹൃദയ ഭൂമിക. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെയും ദേശീയ സ്വാതന്ത്ര പ്രസ്ഥാനത്തിന്റെയും മണ്ണ്‌. സ്വാതന്ത്ര്യസമര സേനാനികളായ എം പി നാരായണമേനോൻ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ എന്നിവരുടെയും ദീപ്തസ്മരണകൾ അലയടിക്കുന്ന മണ്ണ്‌. കാർഷിക മേഖലയാണ്‌ മങ്കടയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്‌. ചെറുകിട വ്യവസായങ്ങളും കുറവല്ല. പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ മണ്ഡലം. മുസ്ലിംലീഗിന്‌ ആധിപത്യമുള്ള മണ്ഡലമാണെങ്കിലും പലപ്പോഴും ഇടതുപക്ഷത്തെയും മങ്കട ചേർത്തുപിടിച്ചിട്ടുണ്ട്‌. 1965ലാണ് മണ്ഡലം ആദ്യമായി ഇടത്തോട്ട്‌ ചെരിഞ്ഞത്‌. സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്കുട്ടിയാണ്‌ ജയിച്ചത്‌. മന്ത്രിസഭ ചേരാനായില്ല. ഇതുവരെയുള്ള തെരഞ്ഞെടുപ്പിൽ 12 തവണ മുസ്ലിംലീഗും മൂന്നുതവണ ഇടതുപക്ഷവും വിജയിച്ചു. 1965ൽ പാലോളി മുഹമ്മദ്കുട്ടിയും 2001, 2006 വർഷങ്ങളിൽ മഞ്ഞളാംകുഴി അലിയുമാണ്‌ (ഇടത് സ്വതന്ത്രൻ) വിജയം നേടിയത്‌. 80മുതൽ 96വരെ അഞ്ചുതവണ ലീഗിലെ കെ പി എ മജീദ്‌ മണ്ഡലം അടക്കിവാണു. 2001ൽ ഇടതു സ്വതന്ത്രനായി എത്തിയ മഞ്ഞളാംകുഴി അലിയിലൂടെ മണ്ഡലം എൽഡിഎഫ്‌ പിടിച്ചു. 2006ലും അദ്ദേഹം വിജയം ആവർത്തിച്ചു. 2011മുതൽ മണ്ഡലം വീണ്ടും ലീഗിനൊപ്പമായി. 2021ൽ ശക്തമായ പോരാട്ടമാണ്‌ മണ്ഡലത്തിൽ നടന്നത്‌. മഞ്ഞളാംകുഴി അലി സിപിഐ എമ്മിലെ അഡ്വ. ടി കെ റഷീദലിയോട്‌ 6246 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ജയിച്ചത്‌. ലീഗ്‌ മണ്ഡലമായിട്ടും സംസ്ഥാന സർക്കാർ മങ്കടയോട്‌ രാഷ്‌ട്രീയ വിവേചനം കാണിച്ചില്ല. 528 കോടിയുടെ വികസനമാണ്‌ മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയത്‌. കിഫ്ബി മുഖേന 30 കോടിയിലധികം ചെലവിട്ട്‌ സ്കൂൾ കെട്ടിടങ്ങൾ ഹൈടെക്കാക്കി. റോഡ് വികസനവും പശ്ചാത്തല വികസനങ്ങളും യാഥാർഥ്യമാക്കി. വൈലോങ്ങര ഒരാടംപാലം ബൈപാസിനും തുക അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home