print edition സഫല ജീവിതം

ആലപ്പുഴ: കാർന്നെടുക്കുന്ന തിരയിൽനിന്ന് കരകയറിയ ആശ്വാസമാണ് ആരാധനയ്‌ക്ക്. സ്വപ്നംപോലെ ഇനി പഠനം തുടരാം. ഏറ്റവും പ്രിയപ്പെട്ടിടത്ത് അമ്മ സുരക്ഷിതായി കഴിയും; ‘സഫലം സിക്‌സ് എ, 02 മണ്ണുംപുറം’ എന്ന പുതിയ വിലാസത്തിൽ... മത്സ്യവകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ ആലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറത്ത് നിർമിച്ച ‘സഫലം' ഭവനസമുച്ചയത്തിലാണ്, പ്ലസ്‌ടു പഠനം പൂർത്തിയാക്കി നഴ്‌സിങ് അഡ്‌മിഷനായി തയ്യാറെടുക്കുന്ന ആരാധനയുടെയും അമ്മ തോട്ടപ്പള്ളി പുതുവൽ പി സുജാതയുടെയും പുതിയ വീട്.
തോട്ടപ്പള്ളി പടിഞ്ഞാറ് തീരത്തായിരുന്നു സുജാതയുടെയും കുടുംബത്തിന്റെയും 28 വർഷത്തെ ജീവിതം. പുറമ്പോക്കിൽ കെട്ടിയുണ്ടാക്കിയ ചായ്‌പ്പിൽ മൂന്ന് കൊച്ചുകുട്ടികളെ തനിച്ചാക്കി ജോലിക്കായി പോകേണ്ടിവന്ന ദിവസങ്ങൾ ഇന്നും സുജാതയുടെ ഉള്ളുലയ്‌ക്കും. ‘‘ഒരിക്കൽ പണി കഴിഞ്ഞുവരുമ്പോൾ കുട്ടികൾ മൂന്നാളും പുറത്തുണ്ട്. വീടിന് പുറത്തേക്ക് വിഷപ്പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നത് കണ്ട ടൂറിസ്റ്റുകളാണ് അകത്തുകയറേണ്ടെന്ന് പറഞ്ഞത്. വീടെന്ന് പറയാനാകില്ല.
നാലുദിക്കും ഷീറ്റുമറച്ച ഓലമേഞ്ഞ ചായ്‌പ്പ്. അകത്തുനോക്കുമ്പോൾ കട്ടിലിന് കീഴെ രണ്ട് വലിയ പാമ്പുകൾ. രാത്രിയിൽ കടലുകയറിയാൽ വീട്ടിലും വെള്ളംകയറും. കാറ്റും മഴയും വരുമ്പോൾ ഓല പറന്നുപോകാതിരിക്കാൻ അതിൽ പിടിച്ചുനിന്ന് കഴിച്ചുകൂട്ടിയ രാത്രികൾ. നാളെ കാണുമോയെന്ന് അറിയാതെയായിരുന്നു ജീവിതം’’– സുജാത പറയുന്നു.
ജീവിതം ദുരിതപൂർണമായിടത്തുനിന്ന് കരുതലിന്റെ തീരമണഞ്ഞതിന്റെ ആശ്വാസത്തിലാണ് സുജാതയും മകളും. വീടിന്റെ രേഖകളെല്ലാം ലഭിച്ചു. ഒരാഴ്‌ചക്കുള്ളിൽ താമസം മാറാം. വീടിന് ‘പ്രതീക്ഷ’യെന്ന് പേരിടാനുള്ള ആലോചനയിലാണ് ആരാധന.
തീരത്തിന് 50 മീറ്ററിനുള്ളിൽ താമസിച്ചിരുന്ന 44 കുടുംബങ്ങളും അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയിലെ 40 കുടുംബങ്ങളുമടക്കം 84 കുടുംബങ്ങളാണ് ആദ്യഘട്ടം ഫ്ലാറ്റിലേക്ക് മാറുന്നത്. റവന്യു വകുപ്പ് കൈമാറിയ 3.48 ഏക്കറിൽ 26.5 കോടി ചെലവിൽ പൂർത്തിയാക്കുന്ന പദ്ധതിയിൽ 204 ഫ്ലാറ്റുകളുണ്ട്. ജില്ലയിൽ 73 കോടിയിലധികം "പുനർഗേഹ’ത്തിനായി ചെലവഴിച്ചു. ഇതിനകം 100 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങളിലേക്ക് മാറി. ഭൂരഹിതരായ 125 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാനും 568 കുടുംബങ്ങൾക്ക് വീട് വയ്‌ക്കാനും 950 പേർക്ക് അറ്റകുറ്റപണികൾക്കും സഹായം നൽകി.










0 comments