print edition ദൂരെ കുതിക്കാൻ

മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്
കോഴിക്കോട്: കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തിൽ കായിക സ്വപ്‌നങ്ങളിലേക്ക് ചിറകുവിരിച്ച് കൗമാരം പറന്നുയരുമ്പോൾ പിറക്കുന്നത് പുതിയ സമയവും ദൂരവും ഉയരവും. മൂന്നൂറിലേറെ കൗമാര കായികതാരങ്ങളാണ് മേപ്പയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിൽ വിസ്‌മയം തീർക്കുന്നത്.
ട്രാക്കിലും ഗ്രൗണ്ടിലും ഇൗ കൗമാരപ്രതിഭകളുടെ മിന്നും പ്രകടനമാണ് ഇനി ഭാവികേരളത്തിന്റെ പ്രതീക്ഷ. അതിന് അവർക്കുള്ള അവസരവും സാഹചര്യവുമൊരുക്കുകയാണ് സംസ്ഥാന സർക്കാർ. 2016ൽ രണ്ടുസിന്തറ്റിക് ട്രാക്ക് മാത്രമുണ്ടായിരുന്ന സംസ്ഥാനത്തിന്ന് എല്ലാ ജില്ലകളിലുമായി 25 സിന്തറ്റിക് ട്രാക്കുകളുണ്ട്.
ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ട്രാക്കുകളും ഗ്രൗണ്ടും ഒരുക്കിയാൽ മാറ്റം കേരളത്തിന്റെ കായിക രംഗത്തും പ്രകടമാവുമെന്ന് സ്‌കൂൾ ഒളിമ്പിക്സ് തന്നെ തെളിയിച്ചതാണ്. ആധുനിക സങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കഴിവുള്ള കുട്ടികളെ പ്രാപ്‌തരാക്കുന്നതിനാണ് ഗ്രാമതലങ്ങളിൽ പോലും ഇത്തരം സൗകര്യങ്ങളൊരുക്കിയത്.
പരിശീലനത്തിൽ തുടങ്ങും പ്രഭാതങ്ങൾ
പരീക്ഷാ കാലങ്ങളിലൊഴികെ മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക് സജീവമാണ്. എന്നും രാവിലെ ഏഴുമുതൽ ഒന്പതുവരെയും വൈകിട്ട് നാലുമുതൽ ആറുവരെയുമാണ് പരിശീലനം. കഴിഞ്ഞ മൂന്നുവർഷമായി ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികവുപ്രകടിപ്പിച്ച വിദ്യാർഥികൾ ദേശീതതലത്തിലും ശ്രദ്ധ നേടി. മൂന്നുപേരാണ് ദേശീയ തലത്തിൽ പങ്കെടുത്തത്.
ജില്ലാതലമത്സരങ്ങളിൽ ഏഴുപതോളം മത്സരാർഥികളെയും സംസ്ഥാന തലത്തിൽ ഇരുപത് മത്സരാർഥികളെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു. അത്‌ലറ്റിക്‌സിൽ മാത്രമല്ല, ഫുട്‌ബോൾ, ജൂഡോ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ തുടങ്ങിയ ഇനങ്ങളിലും പരിശീലനം നൽകുന്നു.
ആറുവരി സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ്ബോൾ കോർട്ടുകൾ, മൂന്ന് നിലകളിലായി മൾട്ടി ജിം, ഇൻഡോർ ഗെയിം ഏരിയ, ജമ്പിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കിഫ്ബിയിൽനിന്ന് 6.40 കോടിയിലേറെ രൂപ ചെലവഴിച്ചാണ് സിന്തറ്റിക് ട്രാക്കും സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്ററും നിർമിച്ചത്.










0 comments