സ്ത്രീനീതിയിലുറച്ച വികസനം; സ്ത്രീപക്ഷ നവകേരളം ഉറപ്പാക്കുന്ന പ്രകടനപത്രിക

തിരുവനന്തപുരം : കേരളത്തിന്റെ വികസന ഭൂമികയിൽ സ്ത്രീപദവി ഉയർത്തുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനും വിപ്ലവകരമായ പദ്ധതികളുമായി എൽഡിഎഫ് പ്രകടനപത്രിക. വിദ്യാഭ്യാസ - ആരോഗ്യ മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെ സാമൂഹിക, രാഷ്ട്രീയ പദവികളിലേക്ക് കൂടി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'സ്ത്രീപക്ഷ നവകേരളം' എന്ന സമീപനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
നവകേരള ജനകീയാസൂത്രണത്തിന്റെ ഭാഗമായി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുന്നതിനൊപ്പം ഗാർഹിക ഭാരം കുറക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള വ്യക്തമായ കർമപദ്ധതികൾ പ്രകടനപത്രിക വിഭാവനം ചെയ്യുന്നു.
തൊഴിൽഭാരം കുറക്കാൻ സമഗ്രപദ്ധതികൾ
ഉയർന്ന നൈപുണി ആവശ്യമുള്ള തൊഴിലുകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ കാലത്തുതന്നെ പരിശീലനം നൽകും. തൊഴിൽരഹിതർക്കും കരിയറിൽ ബ്രേക്ക് വന്നവർക്കും വീടിനുള്ളിലോ വീടിനടുത്തോ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള (Work near home) സാഹചര്യമൊരുക്കും. തുല്യ ജോലിക്ക് തുല്യ വേതനം, വിശ്രമസമയം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുന്ന വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകും.
സ്ത്രീകളുടെ ഗാർഹിക ചുമതലകൾ ലഘൂകരിക്കുന്നതിന് 'ആഫ്റ്റർ സ്കൂൾ' (After-school care) സംവിധാനങ്ങളും ഗുണനിലവാരമുള്ള ക്രഷുകളും വ്യാപകമാക്കും. പാചകഭാരം കുറക്കാൻ കമ്മ്യൂണിറ്റി കിച്ചൺ പോലുള്ള സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കും.
80 വയസിന് മുകളിലുള്ള വയോജനങ്ങളുടെ എണ്ണമെടുത്താൽ കൂടുതൽ സ്ത്രീകളാണ്. വയോജന നയത്തിൽ ഈ ജൻഡർ സവിശേഷതക്ക് പ്രാധാന്യം നൽകും. സമഗ്ര സാമൂഹ്യ പാലിയേറ്റീവ് സംവിധാനം വഴി വയോജന പരിപാലനത്തിലെ സ്ത്രീകളുടെ ജോലിഭാരം കുറക്കും.
സുരക്ഷയും പ്രതിരോധവുമൊരുക്കാൻ 'ധീര' പദ്ധതി
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വനിതാ പ്രവർത്തകർക്ക് കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള പരിശീലനങ്ങൾ നൽകും. അതിക്രമങ്ങൾ തടയാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 'ക്രൈം മാപ്പിങ്' നടത്തും.
ഗാർഹിക പീഡനം, സ്ത്രീധന ഉപദ്രവം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ കുടുംബശ്രീ - സ്ത്രീസംഘടനകൾ - സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി പ്രാദേശിക ആക്ഷൻ പ്ലാനുകൾ രൂപീകരിക്കും. അതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക് (Survivors) വേഗത്തിലുള്ള നീതിയും സുസ്ഥിരമായ പുനരധിവാസവും ഉറപ്പാക്കും.
അതിക്രമങ്ങൾ പ്രതിരോധിക്കാനായുള്ള സ്ഥാപനപരമായ സംവിധാനങ്ങൾ (ജാഗ്രതാ സമിതികൾ, ലീഗൽ എയ്‌ഡ് ക്ലിനിക്കുകൾ) ശക്തിപ്പെടുത്തും. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ആത്മവിശ്വാസവും സ്വയംപ്രതിരോധശേഷിയും നൽകുന്നതിനായി ആയോധനകലയിൽ പരിശീലനം നൽകുന്ന 'ധീര' പദ്ധതി 14 ജില്ലകളിലെയും വൺ സ്റ്റോപ്പ് സെൻ്ററുകൾ വഴി വിപുലീകരിക്കും.
ലിംഗനീതിയും ബജറ്റിംഗും
വികസനപദ്ധതികളിൽ സ്ത്രീപരിഗണന വർധിപ്പിക്കുന്നതിന് സംസ്ഥാന - തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബജറ്റിൽ ജൻഡർ ബജറ്റിംങ് ശക്തിപ്പെടുത്തും. ഇതു സംബന്ധിച്ച് സമഗ്രമായ വാർഷിക റിപോർട്ട് പ്രസിദ്ധീകരിക്കും. സർക്കാർ നയരൂപീകരണ സമിതികളിൽ ദളിത്/ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും.
സ്ത്രീകൾക്കു വേണ്ടി കാര്യക്ഷമമായി നിരന്തരം ഇടപെടുന്ന സംവിധാനമാണ് വനിതാ കമ്മീഷൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി പ്രവർത്തിക്കുന്ന കേരളത്തിലെ വനിതാ കമ്മീഷനെ കൂടുതൽ ശക്തിപ്പെടുത്തും. കീഴ്ത്തട്ടിലുള്ള ജാഗ്രതാ സമിതികളെ പ്രവർത്തനക്ഷമമാക്കും.
ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്കായുള്ള 'മഴവില്ല്' പദ്ധതി വിപുലീകരിക്കും. ട്രാൻസ്ജൻഡർ (LGBTQ+) വിഭാഗക്കാർക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ലിംഗമാറ്റ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കും. കേന്ദ്ര സർക്കാരിന്റെ പ്രതിലോമകരമായ ട്രാൻസ്ജെൻഡർ നിയമത്തിലെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വ്യവസ്ഥകൾ സംസ്ഥാനത്ത് ബാധകമാക്കില്ല.
കുടുംബശ്രീയുടെ കരുത്തിൽ പുതിയ മുന്നേറ്റം
കുടുംബശ്രീ അംഗത്വം 48 ലക്ഷത്തിൽ നിന്ന് 60 ലക്ഷമായി ഉയർത്തും. പട്ടികജാതി, പട്ടികവർഗ, തീരദേശ, തോട്ടം മേഖലകളിലെ സ്ത്രീകളെ കുടുംബശ്രീയിൽ പൂർണ്ണമായും ഉൾച്ചേർക്കും.ബാങ്ക് ലിങ്കേജ് വായ്പകൾ 20,000 കോടി രൂപയാക്കും.
യുവതികളെ കുടുംബശ്രീയുടെ ഭാഗമാക്കാൻ തൊഴിലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതികൾ ആരംഭിക്കും. ഓക്സിലറി ഗ്രൂപ്പുകളേയും അയൽക്കൂട്ടങ്ങളുമായി ബന്ധിപ്പിച്ച് ശക്തിപ്പെടുത്തും. തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കാൻ കുടുംബശ്രീ വഴിയും അല്ലാതെയും ജൻഡർ ക്യാമ്പയിൽ സംഘടിപ്പിക്കും. 'ഉയരെ' ക്യാമ്പയിൻ തുടരും.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പല നയങ്ങളും ദാരിദ്ര്യനിർമാർജന പ്രക്രിയയിൽ സംസ്ഥാനത്തിനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതാണ്. കേരളം കൈവരിച്ച സാമൂഹിക ശാക്തീകരണ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ജാഗ്രത പുലർത്തുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു.
സ്ത്രീകളുടെ സാമൂഹിക സാന്നിധ്യത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പടരുന്ന പിന്തിരിപ്പൻ ആശയങ്ങളെ പ്രതിരോധിക്കാൻ ബോധപൂർവമായ മതനിരപേക്ഷ ഇടപെടലുകൾ നടത്തുമെന്നും എൽഡിഎഫ് പ്രകടനപത്രിക വ്യക്തമാക്കുന്നു. കേരളത്തിന്റെ സാമൂഹിക പദവിയിൽ സ്ത്രീകളെ മുൻനിരയിലെത്തിക്കാനുള്ള സമഗ്രമായ ഈ ഇടപെടലുകൾ നവകേരള നിർമിതിയിൽ നിർണായകമാകും.










0 comments