ad
Deshabhimani

നവകേരളം യുവതയിലൂടെ; യൗവന കരുത്തിൽ പ്രകടന പത്രിക

youthh
വെബ് ഡെസ്ക്

Published on Apr 02, 2026, 05:12 PM | 2 min read

കേരളത്തിലെ യുവജനങ്ങൾക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാൻ ഒട്ടേറെ പദ്ധതികളുമായാണ് എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. ആധുനിക ലോകത്ത് യുവത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സുരക്ഷിതമായ തൊഴിലവസരങ്ങളുമാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് യുവതലമുറയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടനവധി പദ്ധതികൾ എൽഡിഎഫ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.


കൂടുതൽ കരുത്തോടെ വിദ്യാഭ്യാസ മേഖല


കേരളീയ യുവത്വത്തെ വിദ്യാഭ്യാസ പരമായി ഉന്നതിയിലെത്തുക എന്ന സമീപനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. നിലവിൽ രൂപപ്പെടുത്തിയ പദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തിയും പുതിയവ കൂട്ടിചേർത്തും യുവതയെ ചേർത്തു പിടിക്കുകയാണ് എൽഡിഎഫ് പ്രകടന പത്രിക. കാവിവത്ക്കരണത്തിനുള്ള കേന്ദ്ര സർക്കാർ അജണ്ടകളെ പ്രതിരോധിച്ച് മതേതരപക്ഷവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തിനാണ് പ്രകടന പത്രിക ഊന്നല്‍ നല്‍കുന്നത്.


കിഫ്ബി സഹായത്തോടെ മികച്ച പശ്ചാത്തലസൗകര്യ വികസനമാണ് സംസ്ഥാനത്ത് ഉടനീളം നടപ്പാക്കി വരുന്നത്. ഇതിന്‍റെ പ്രതിഫലനം ദേശീയ റാങ്കിങില്‍ കാണാവുന്നതുമാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ മനസിലാക്കി അവരെ ചേര്‍ത്തു പിടിച്ച “കണക്ട് ടു വർക്ക്” സ്കോളർഷിപ്പ് കൂടുതല്‍ വിപുലീകരിക്കുമെന്ന് പ്രകടന പത്രിക ഉറപ്പ് തരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം കിഫ്ബി സഹായത്തോടെ ഡിജിറ്റൽ സംവിധാനങ്ങൾ വിപുലീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി കാമ്പസ് പ്ലേസ്മെന്റ് ഉറപ്പ് വരുത്തും.


സംസ്ഥാനത്ത് നൂതന കോഴ്സുകളും അക്കാദമിക് പ്രോ​ഗ്രാമുകളും ആരംഭിക്കും. നാല് വർഷ ബിരുദ കോഴ്സിൽ കൂടുതൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിടുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കരിക്കുലം പരിഷ്കരിക്കും. സർവകലാശാല സേവനങ്ങൾ അതിവേ​ഗത്തിൽ ലഭ്യമാക്കുന്ന കെ റീപ് പദ്ധതി എല്ലാ സർവകലാശാലകളിലേയ്ക്കും വ്യാപിപ്പിക്കും. താമസ സൗകര്യം ലഭ്യമായില്ലെന്ന കാരണത്താൽ വിദ്യാർഥികൾക്ക് പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ സർക്കാർ കോളേജുകളില്‍ പൊതു ഹോസ്റ്റൽ പദ്ധതി ആരംഭിക്കും. തെരഞ്ഞെടുത്ത സർവകലാശാലകളെ സാമൂഹിക പരിവർത്തനത്തിന്റെ കേന്ദ്രങ്ങളായി പുനർ രൂപകല്പന ചെയ്യും.ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകും.


കേരള നോളജ് ഫാക്ടറി


കോളേജുകൾക്കൊപ്പം ഐടിഐ, പോളിടെക്നിക് വിദ്യാർഥികൾക്കായി നോളജ് ഫാക്ടറി ആരംഭിക്കും. ഇതിലൂടെ വിദ്യാർഥികൾക്ക് സർക്കാർ പ്രൊജക്ടുകളിൽ നേരിട്ട് പങ്കാളികളാകാൻ കഴിയും. അർദ്ധ പൊതുമേഖലാ സ്ഥാപനമായാകും ഇത് പ്രവർത്തിക്കുക. ഇതിന്റെ ഭാ​ഗമായി എഐ പവേർഡ് ക്രിയേറ്റീവ് സ്റ്റു‍ഡിയോ സ്ഥാപിക്കുകയും വിദ്യാർഥികൾക്ക് പെയ്‍ഡ് ഇന്റൺഷിപ്പും സ്റ്റൈപ്പന്റും ഉറപ്പാക്കും.


ബാക്ക് ടു കാമ്പസ്


പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പഠിച്ചിറങ്ങിയ സ്ഥാപനത്തിൽ തന്നെ നൈപുണി പരിശീലനത്തിനായി ബാക്ക് ടു കാമ്പസ് എന്ന പേരിൽ കോഴ്‌സുകൾ സംഘടിപ്പിക്കും. ഐടിഐ, പോളിടെക്നിക്കുകളിൽ നിലവിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ്.


സിവിൽ സർവീസ് 100


പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗത്തിലെ 100 യുവജനങ്ങൾക്ക് അവരവർക്ക് ഇഷ്ടമുള്ള സിവിൽ സർവീസ് കോച്ചിങിൽ സർക്കാർ ചെലവിൽ പഠന സൗകര്യമൊരുക്കും.


അഭ്യസ്തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ


കോളേജുകളിൽ സംരംഭകത്വ പ്രോത്സാഹനത്തിനായി ഹാക്കത്തോണുകളും ഇൻകുബേറ്ററുകളും സംഘടിപ്പിക്കും. യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC) 40ൽ നിന്നും 120 ആയി വർദ്ധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് ഉയർന്ന നിലവാരമുള്ള ജോലികൾ സൃഷ്ടിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home