ad
Deshabhimani

വികസനവിരുദ്ധതയ്‌ക്ക്‌ 
മറുപടി പറയാൻ വണ്ടൂർ

s
വെബ് ഡെസ്ക്

Published on Mar 28, 2026, 12:00 AM | 1 min read

വണ്ടൂർ

ജില്ലയിലെ മലയോര മണ്ഡലമാണ്‌ വണ്ടൂർ. കാലങ്ങളായി യുഡിഎഫ്‌ ഭരിക്കുന്ന ഇവിടെ പേരിനുപോലും വികസനമെത്തിയിട്ടില്ലെന്ന്‌ യുഡിഎഫ്‌ പ്രവർത്തകർവരെ സമ്മതിക്കും. 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആറാം അങ്കത്തിനിറങ്ങുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. മണ്ഡലത്തിൽ കോൺഗ്രസും ലീഗും തമ്മില്‍ തർക്കം മിക്കയിടത്തുമുണ്ട്‌. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിൽ ഇത്‌ പ്രകടമാണ്‌. കോൺഗ്രസുകാരെ പരിഗണിക്കാതെ എംഎൽഎ ലീഗിനൊപ്പം നിൽക്കുന്നുവെന്ന പരാതിയുമുണ്ട്‌. തിരുവാലി പഞ്ചായത്തിൽ പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാണ്‌. കാൽനൂറ്റാണ്ടായി ഒരേ ആൾതന്നെ എംഎൽഎയും മന്ത്രിയുമൊക്കെയായിട്ടും മണ്ഡലത്തിൽ വികസനം വട്ടപൂജ്യം. വാണിയമ്പലം റെയിൽവേ മേൽപ്പാലത്തിനായി ഒന്നും ചെയ്യാനായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്‌. സംസ്ഥാന സർക്കാർ കിഫ്ബിവഴി നടത്തിയ വികസന പ്രവർത്തനങ്ങൾമാത്രമാണ്‌ മണ്ഡലത്തിലുള്ളത്‌. സ്‌കൂളുകളുടെ അടിസ്ഥാന സ‍ൗകര്യ വികസനത്തിനുമാത്രം 44.213 കോടി രൂപയാണ് അനുവദിച്ചത്. മലയോര ഹൈവേ, തിരുവാലിയിൽ കെഎസ്ഇബി സബ് സ്റ്റേഷൻ, കാക്കത്തോട് പാലം, കാളികാവ് ചാഴിയോട് പാലവും അപ്രോച്ച് റോഡും തുടങ്ങി സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളേറെ. നടുവത്ത് കൂറ്റൻപാറ ഇക്കോ ടൂറിസം പദ്ധതിക്കായി ഏഴ്‌ കോടി രൂപ അനുവദിച്ചു. ഈ വികസനത്തിലൊന്നും എംഎൽഎക്ക് പങ്കുമില്ല. ​എൽഡിഎഫ് സ്ഥാനാർഥിയായി ഡോ. കെ കെ ദാമോദരൻ എത്തിയതോടെ ശക്തമായ പോരാട്ടമാണ്‌ നടക്കുന്നത്‌. മലപ്പുറം ഗവ. കോളേജിലെ റിട്ട. പ്രിൻസിപ്പലായ ദാമോദരൻ എകെജിസിടി ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്‌, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച അദ്ദേഹം കൊമേഴ്‌സിൽ പിഎച്ച്‌ഡി നേടി. പ്രഭാഷകൻകൂടിയായ ഇദ്ദേഹം ചുരുങ്ങിയ ദിവസത്തിനുള്ളിൽ വോട്ടർമാരുടെ ഹൃദയത്തിൽ ഇടംപിടിച്ചു. നിലവിൽ സിപിഐ എം മൂർക്കനാട് ലോക്കൽ കമ്മിറ്റി അംഗവും സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫോർ സോഷ്യൽ ട്രാൻസ്ഫോർമേഷൻ എക്സിക്യൂട്ടീവ് ചെയർമാനും പെരിന്തൽമണ്ണ അർബൻ ബാങ്ക് വൈസ് ചെയർമാനുമാണ്. കെപിസിസി വർക്കിങ് പ്രസിഡന്റ്‌ എ പി അനിൽകുമാറാണ്‌ വീണ്ടും യുഡിഎഫ്‌ സ്ഥാനാർഥി. ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന പ്രസിഡന്റ്‌ ഇ പി കുമാരദാസാണ്‌ ​ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home