ad
Deshabhimani

മൊഞ്ചാകും മഞ്ചേരി

a
avatar
ടി വി സുരേഷ്‌

Published on Mar 29, 2026, 12:15 AM | 1 min read

മഞ്ചേരി

മലബാർ കർഷക സമരത്തിന്റെ ധീരസ്മരണകൾ ഇരമ്പുന്ന പാണ്ടിക്കാടും കീഴാറ്റൂരും ഉൾപ്പെടുന്ന ചരിത്രഭൂമികയായ മഞ്ചേരിയിൽ ഇത്തവണ വീശുന്നത് മാറ്റത്തിന്റെ കാറ്റ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ വളക്കൂറുള്ള മണ്ണിൽ ഇടതുപക്ഷ ആശയങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദീർഘകാലമായി മുസ്ലിംലീഗ് വിജയിച്ചു കയറുന്ന മണ്ഡലമാണെങ്കിലും നാടിന്റെ വികസനത്തിന് മാറ്റേകാൻ യുഡിഎഫ് പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ട സിറ്റിങ് എംഎൽഎ യു എ ലത്തീഫിന് ജനരോഷം ഭയന്നാണ് യുഡിഎഫ് ഇക്കുറി സീറ്റ് നിഷേധിച്ചത്. ​എൽഡിഎഫ് സർക്കാർ മഞ്ചേരിയിൽ നടപ്പാക്കിയത് കോടികളുടെ വികസന പദ്ധതികളാണ്. യുഡിഎഫ് കാലത്ത് ബോർഡിൽ മാത്രം ഒതുങ്ങിനിന്ന ഗവ. മെഡിക്കൽ കോളേജിനെ 300 കോടി രൂപ ചെലവിട്ട് സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തി. പരപ്പനങ്ങാടി-–നാടുകാണി, എടവണ്ണ-– കൊയിലാണ്ടി പാതകൾ യാഥാർഥ്യമാക്കി. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 200 കോടിയുടെ പദ്ധതി നടപ്പാക്കി. ​സർക്കാരിന്റെ വികസന നേട്ടങ്ങൾക്ക്‌ കരുത്തു പകരാൻ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ വി എം മുസ്തഫയെയാണ് എൽഡിഎഫ് കളത്തിലിറക്കിയത്. എംബിസി ട്രാവൽസ് ഗ്രൂപ്പ് എംഡിയായ അദ്ദേഹം സാമൂഹ്യ -സാംസ്കാരിക രംഗങ്ങളിൽ സജീവമാണ്. ദുബായ് കെഎംസിസി മഞ്ചേരി മണ്ഡലം സെക്രട്ടറി, യുഎഇ ഇമ ഗ്ലോബൽ പ്രസിഡന്റ്, മലബാർ ഡെവലപ്മെന്റ് ഫോറം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ലഹരിക്കടിമപ്പെട്ട ഇരുന്നൂറോളം കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിലൂടെ ജനങ്ങളുടെ പ്രിയങ്കരനായി മാറിയ അദ്ദേഹം കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റും വരിച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ ജനകീയതയും സർക്കാരിന്റെ വികസനങ്ങളും ഇക്കുറി മഞ്ചേരിയിൽ വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം. ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്നാണ്‌ സിറ്റിങ് എംഎൽഎ യു എ ലത്തീഫന്‌ സീറ്റ്‌ നഷ്ടമായത്‌. ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. എം റഹ്മത്തുള്ളയാണ്‌ യുഡിഎഫ് സ്ഥാനാർഥി. എസ്ടിയു ദേശീയ പ്രസിഡന്റാണ്‌. ഡബിങ്‌ ആർട്ടിസ്റ്റായ എം പത്മശ്രീയാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home