ad
Deshabhimani

തെറ്റുതിരുത്താൻ പെരിന്തൽമണ്ണ

a
വെബ് ഡെസ്ക്

Published on Mar 25, 2026, 12:15 AM | 1 min read

പെരിന്തൽമണ്ണ

കഴിഞ്ഞ തവണ സംഭവിച്ച കൈപ്പിഴ തിരുത്താനൊരുങ്ങുകയാണ്‌ പെരിന്തൽമണ്ണ. കമ്യൂണിസ്‌റ്റ്‌ ആചാര്യൻ ഇ എം എസിന്റെ മണ്ണായ ഏലംകുളവും ബ്രിട്ടീഷ് സർക്കാർ ‘റെഡ് വില്ലേജ് ' എന്ന് പേരിട്ട പാലൂർ ഗ്രാമവും ഉൾക്കൊള്ളുന്ന വള്ളുവനാടൻ ഭൂമികയാണ് പെരിന്തൽമണ്ണ മണ്ഡലം. എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വിജയിപ്പിച്ച ചരിത്രമാണ് പെരിന്തൽമണ്ണയ്‌ക്കുള്ളത്. 2006ൽ സിപിഐ എം സ്ഥാനാർഥി വി ശശികുമാറിലൂടെ മണ്ഡലം എൽഡിഎഫ്‌ തിരിച്ചുപിടിച്ചു. 2021ൽ സംസ്ഥാനത്തെതന്നെ ചെറിയ ഭൂരിപക്ഷമായ 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം ജയിച്ചത്‌. 2021ലെ ആ തെറ്റ് ആവർത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പെരിന്തൽമണ്ണയിലെ വോട്ടർമാർ. പത്തുവർഷത്തിനിടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ഉയർത്തിപ്പിടിച്ചാണ്‌ എൽഡിഎഫ്‌ പ്രചാരണം. യുഡിഎഫ്‌ എംഎൽഎമാർ പരിഹസിച്ച കിഫ്ബിവഴി എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നത്. 92.5 കോടി ചെലവിട്ട രാമഞ്ചാടി കുടിവെള്ള പദ്ധതി നാടിന്റെ ദാഹമകറ്റി. പെരിന്തൽമണ്ണ നഗരസഭയിലെ 400 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയം, പെരിന്തൽമണ്ണ കോടതിസമുച്ചയം, തൂത പാലം, തൂത - വെട്ടത്തൂർ റോഡ്, പൂവ്വത്താണി -ആലിപറമ്പ്- കാമ്പറം റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടങ്ങൾ, ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക്‌ കെട്ടിടങ്ങൾ എന്നിവ പ്രധാന വികസന നേട്ടങ്ങളാണ്. എന്നാൽ, ഇതിലൊന്നും എംഎൽഎയുടെ തനത്‌ സംഭാവനയില്ല. മണ്ഡലത്തിലെ ജനകീയ മുഖമായ വി പി മുഹമ്മദ് ഹനീഫയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുറച്ചാണ്‌ എൽഡിഎഫ്‌ പോരാട്ടം. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ഹനീഫ സിപിഐ എം പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി അംഗമാണ്‌. മൂന്ന്‌ തവണ തുടർച്ചയായി പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റും കഴിഞ്ഞ തവണ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. പുലാമന്തോൾ ചെമ്മലശേരിയിലെ കുടുംബാരോഗ്യ കേന്ദ്രം വിപുലീകരിച്ചതും കായകൽപ അവാർഡ് നേടിയതും മുഹമ്മദ് ഹനീഫ പ്രസിഡന്റായിരുന്ന സമയത്താണ്. പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക് ചെയർമാനാണ്. സിറ്റിങ് എംഎൽഎ നജീബ് കാന്തപുരമാണ് യുഡിഎഫ് സ്ഥാനാർഥി. കോഴിക്കോട്‌ കാന്തപുരം സ്വദേശിയാണ്‌. അഡ്വ. കെ പി ബാബുരാജാണ് എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home