ad
Deshabhimani

print edition വാക്കിന്റെ ഹൃദയരേഖ

Pinarayi Vijayan at LDF Ponnani Campaign

മലപ്പുറം പൊന്നാനിയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കൾക്കൊപ്പം എത്തുന്നു | ചിത്രം: കെ ഷെമീർ

avatar
സി പ്രജോഷ്‌കുമാർ

Published on Mar 30, 2026, 02:36 AM | 2 min read

മലപ്പുറം: വാക്കുകൾ പ്രസംഗമായി അവസാനിക്കുന്നില്ല. ഇന്നലെകളെ ഓർമപ്പെടുത്തി, നടന്നുതീർത്ത വഴികളിലേക്ക് വെളിച്ചം വിതറി, നാളെയിലേക്ക് ചുവടുവച്ച് വാക്കുകൾ മുന കൂർപ്പിക്കുന്നു. എൽഡിഎഫ് പ്രചാരണത്തിന്റെ ചുക്കാൻപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കളംനിറയുമ്പോൾ രാഷ്ട്രീയമാപിനിയിൽ താപനില മാറിമറിയുന്നു. നവകേരള നിർമിതിക്ക് തുടർച്ച തേടിയുള്ള യാത്രയ്ക്ക് കണ്ണും കാതും ഹൃദയവും നൽകി നാട് കാത്തുനിൽക്കുന്നു.


തിരൂരിലായിരുന്നു മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണം. രാവിലെ വാർത്താസമ്മേളനത്തിൽ ഹരിയാനയിലെ കോൺഗ്രസിലെ സീറ്റ്കോഴക്കെതിരെ വിമർശന ശരമെയ്ത്‌ തുടക്കം. ‘ഒരു വർഗീയതയുമായും കൂട്ടില്ല’ - മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അർഥശങ്കക്കിടയില്ലാത്ത മറുപടി. പകൽ 11ന് പൊതുസമ്മേളന വേദിയിലെത്തുമ്പോൾ തുഞ്ചന്റെ മണ്ണ് മാറാനുറച്ചതിന്റെ നേർസാക്ഷ്യമായി ആയിരങ്ങൾ. പ്രസംഗത്തിനിടെ സ്ഥാനാർഥി വി അബ്ദുറഹിമാൻ എത്തി. ‘ഇനി സ്ഥാനാർഥി സംസാരിച്ചശേഷം പ്രസംഗം തുടരാം’- മുഖ്യമന്ത്രി മൈക്ക് കൈമാറിയപ്പോൾ നിറഞ്ഞ കൈയടി. കോ-ലീബി സഖ്യത്തിന്റെ ചരിത്രം എണ്ണിപ്പറഞ്ഞ് പ്രസംഗം. അതിനിടെ താനൂർ മണ്ഡലം സ്ഥാനാർഥി ടി മുഹമ്മദ് സമീറുമെത്തി. രണ്ടു സ്ഥാനാർഥികൾക്കൊപ്പം കൈയുയർത്തി അഭിവാദ്യമർപ്പിച്ച് സിഎമ്മിന്റെ മടക്കം.


പൊന്നാനിയിൽ വൈകിട്ട് നാലിനായിരുന്നു പരിപാടി. മുദ്രാവാക്യങ്ങളോടെ ഉശിരൻ വരവേൽപ്പ്. അളന്നുമുറിച്ച വാക്കുകളിൽ വികസനരാഷ്ട്രീയം. നുണകളിൽ പൊതിഞ്ഞ പ്രതിപക്ഷ ആക്രമണങ്ങളെ ചരിത്ര വസ്‌തുതകളുടെ പിൻബലത്തിൽ നിഷ്‌പ്രഭമാക്കുമ്പോൾ വാക്കുകളിൽ നിലപാടിന്റെ തെളിച്ചം. ‘പ്രകൃതിദുരന്തങ്ങൾ വന്നപ്പോൾ നമുക്ക് കേന്ദ്രസഹായം ലഭിച്ചില്ല. നമ്മൾ നിർഭാഗ്യവാന്മാരായ ജനതയായിരുന്നു’ -വാക്കിൽ നിരാശ. എന്നാൽ, അതിനെ അതിജീവിച്ച് നമ്മൾ സ്വന്തംകാലിൽ ഉയിർത്തെഴുന്നേറ്റു’ വാക്കിൽ കീഴടങ്ങാത്ത നാടിന്റെ പോരട്ടവീറ്.


തവനൂരിലെ സ്ഥാനാർഥി കെ ടി ജലീൽ പ്രസംഗിക്കുന്നതിനിടെയാണ് എടപ്പാളിലെ വേദിയിൽ മുഖ്യമന്ത്രിയെത്തിയത്. യുഡിഎഫ് സർക്കാരിന്റെ ഇരുണ്ടകാലത്തെ വരച്ചിട്ടായിരുന്നു തുടക്കം. ‘ഇനി ആർക്കും ഒന്നുംചെയ്യാനാവില്ലെന്ന തോന്നലായിരുന്നു ജനങ്ങൾക്ക്‌. എന്നാൽ, കൃത്യമായ നയപരിപാടികളിലൂടെ ഇടതുപക്ഷം കേരളത്തെ വീണ്ടെടുത്തു. ഇനി തിരിച്ചുപോയിക്കൂടാ. അതിന്‌ അനുവദിച്ചുകൂടാ’– കേരളത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഉറച്ച ശബ്ദം.


രാത്രി ഏഴോടെ ഇ എം എസിന്റെ ജന്മനാടായ പെരിന്തൽമണ്ണയിലെത്തിയപ്പോഴും ജനനായകനെ കാത്ത് വൻ ജനാവലി. -‘സാധ്യമാകുന്നത് മാത്രം ചിന്തിക്കുന്നതല്ല സർക്കാർ, സാധ്യമാകാത്തതും സാധ്യമാകുമോ എന്ന് ചിന്തിക്കണം. അതിനാണ് സർക്കാർ. അതാണ് എൽഡിഎഫ് സർക്കാരിനെ വ്യത്യസ്തമാക്കുന്നത്’ - തുടർഭരണത്തിലേക്ക് അളന്നുമുറിച്ച വാക്കുകളെയ്-ത് ഹൃദയം കീഴടക്കുന്നു പിണറായിയുടെ പര്യടനം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home