ad
Deshabhimani

print edition കേരളത്തെ പരിഹസിച്ച തെലങ്കാന മുഖ്യമന്ത്രിക്ക്‌ പിണറായിയുടെ മറുപടി

Revanth Reddy Pinarayi Vijayan

രേവന്ത് റെഡ്ഡി, പിണറായി വിജയൻ

avatar
സ്വന്തം ലേഖകൻ

Published on Apr 05, 2026, 12:00 AM | 1 min read

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്വന്തം ദൗർബല്യങ്ങൾ മറച്ചുവച്ച്‌ കേരളത്തെയും കേരളീയരെയും പ്രസ്‌താവനയിലൂടെ അവഹേളിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകി.


സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങൾക്ക്‌ മീതെ ബുൾഡോസർ കയറ്റുന്നത്‌ മറച്ചുവച്ച്, കേരളത്തെ സാമൂഹ്യപുരോഗതിയെയും ജനക്ഷേമത്തെയും കുറിച്ച്‌ പഠിപ്പിക്കാൻ മുന്നിട്ടിറങ്ങുന്ന അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്‌. സുസ്ഥിരവും സർവതലസ്‌പർശിയുമായ വികസനത്തിലൂടെ കേരളം മുന്നേറുമ്പോൾ, അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്ത്‌ ഏറ്റെടുത്തിരിക്കുകയാണ്‌ അദ്ദേഹം.


കേരളത്തിൽ "അഴിമതിയും ഭരണപരാജയവുമാണ്’ എന്ന് വിലപിക്കുന്ന അദ്ദേഹം ചില ഔദ്യോഗിക കണക്കുകൾ പരിശോധിക്കണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റോടെ കേരളം ഒന്നാമതാണ്‌. തെലങ്കാന ആറാമതും. നിതി ആയോഗിന്റെ കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്ക് കേരളത്തിലാണ്‌. 0.55ശതമാനം. തെലങ്കാനയിൽ ദാരിദ്ര്യം 5.88ശതമാനവും. അതിദാരിദ്ര്യം ഇല്ലാതാക്കിയ ആദ്യ സംസ്ഥാനമാണിത്‌.


സാക്ഷരതയിൽ കേരളം ഒന്നാമതാണ്‌. തെലങ്കാനയിൽ 76.9 ശതമാനവും. കേരളത്തിലെ കോൺഗ്രസിനെ സഹായിക്കാൻ പരസ്യത്തിലൂടെ കോടാനുകൂടി ചെലവിടുന്നതിനുപകരം സ്വന്തംനാട്ടിലെ അതിദാരിദ്ര്യം തുടച്ചുമാറ്റാനും സാക്ഷരതാ നിരക്ക് ഉയർത്താനും എന്തെങ്കിലും ചെയ്‌തൂടെ?

കേരളത്തിൽ ശിശുമരണ നിരക്ക് ആയിരത്തിന് അഞ്ചുമാത്രമാണ്‌. തെലങ്കാനയിൽ നാലിരട്ടി കൂടുതലും. കേരളത്തിന്റെ അഭിമാന പദ്ധതിയായ ‘എന്റെ ഭൂമി' ഡിജിറ്റൽ ഭൂമി രേഖാ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ തെലങ്കാനയിൽനിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home