കർഷക്കൊപ്പമെന്ന 'മോദി ഗ്യാരണ്ടി' കേരളത്തിൽ വിലപ്പോവില്ല

"കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇത് മോദിയുടെ ഗ്യാരണ്ടി" കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്. രാജ്യത്തെ മൊത്തം കർഷകരെ കഴിഞ്ഞ പത്തിലേറെ വർഷങ്ങളായി വാഗ്ദാനങ്ങൾ മാത്രം നൽകി പറ്റിക്കുന്ന മോദിയുടെ ഗ്യാരണ്ടിയാണെന്നോർക്കണം.
2014ൽ കാർഷിക ഉല്പന്നങ്ങൾക്ക് ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില നൽകുമെന്ന അത്യാകർഷകമായ ഗ്യാരണ്ടിയോടെയാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ അധികാരത്തിലേറി അധികം വൈകാതെ തന്നെ ഈ വാഗ്ദാനം നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ രേഖാമൂലം അറിയിച്ചു. വില വർധിപ്പിച്ചാൽ അത് വിപണിയെ തകിടം മറിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായം. അങ്ങനെ ആദ്യമായി കർഷകർക്ക് നൽകിയ 'മോദി ഗ്യാരണ്ടി' തകർന്നു വീണു.
2016ലെ ബജറ്റ് വേളയിൽ മറ്റൊരു വാഗ്ദാനം കൂടിയെത്തി സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുമ്പോൾ, അതായത് 2022 ആകുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. പക്ഷെ സംഭവിച്ചതോ, 2014 മുതൽ 2022 വരെയുള്ള കാലത്ത് 1,00,474 കർഷകർ ആത്മഹത്യ ചെയ്തതായാണ് നാഷണൽ ക്രൈം റൊക്കോർഡ്സ് ബ്യൂറോ (NCRB) റിപോർട്ട് വെളിപ്പെടുത്തുന്നത്. ഈ ഒൻപത് വർഷം പ്രതിദിനം മുപ്പതോളം കർഷകർ രാജ്യത്ത് ആത്മഹത്യ ചെയ്തുവെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
സംസ്ഥാനത്ത് കർഷകരുടെ മാസവരുമാനം 60 ശതമാനം വർധിച്ചു. 2024ലെ സാമ്പത്തികസ്ഥിതിവിവര വകുപ്പ് പഠനമനുസരിച്ച്, 2019ൽ 17915 രൂപയായിരുന്നു ശരാശരി പ്രതിമാസവരുമാനം. 2024ൽ ഇത് 29984 രൂപയായി. 2019 മുതൽ 2024 വരെയുള്ള കാലയളവിലെ കർഷക കുടുംബങ്ങളിലെ വരുമാനമാണ് പഠനവിധേയമാക്കിയത്. 2026ൽ ഇത് 33411 രൂപയാകും. 2021ൽ രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി നിരവധി പദ്ധതികളും ആസൂത്രണം ചെയ്‌തു.
മോദി സർക്കാരിന്റെ രണ്ടാമൂഴത്തിൽ സ്ഥിതി കൂടുതൽ വഷളായി. പ്രതിവർഷ കർഷക ആത്മഹത്യ 10,281ൽ നിന്ന് 11,290 ആയി വർധിച്ചു. ഇതിൽ കർഷകത്തൊഴിലാളികളുടെ ആത്മഹത്യാ നിരക്കിൽ 41 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് മോദിയുടെ പുതിയ വാഗ്ദാനം. കേരളം 2023 – 2024ൽ ദേശീയ ശരാശരിയെ മറികടന്ന് കാർഷിക വളർച്ച നേടിയത് മോദി അറിഞ്ഞു കാണില്ല. കർഷകരുടെ വരുമാനം 60 ശതമാനം വർധിപ്പിച്ചു. കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ ലോകബാങ്ക് സഹായത്തോടെ 2,365.5 കോടിയുടെ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ബിജെപിയും സംഘപരിവാറും ഭരണം നടത്തിയാൽ ഒരു സംസ്ഥാനം എത്രത്തോളം അധഃപതിക്കുമെന്നതിന്റെ മികച്ച ഉദാഹരണമായി നമുക്ക് മുന്നിൽ ഹരിയാനയുണ്ട്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന ഒരു ജനതയെയും അവരുടെ കാർഷിക സംസ്കാരത്തെയുമാണ് കഴിഞ്ഞ പത്ത് വർഷത്തെ ബിജെപി ഭരണം തകർത്തെറിഞ്ഞത്.
ഹരിയാനയിലെ ഒരു കാർഷിക കുടുംബത്തിന്റെ ശരാശരി മാസവരുമാനം വെറും 22,000 രൂപ മാത്രമാണെന്ന് കേന്ദ്ര സർക്കാർ തന്നെ പാർലമെന്റിൽ സമ്മതിച്ചിട്ടുണ്ട്. ഇതിൽ കൃഷിയിൽ നിന്നുള്ള വരുമാനം ദിനംപ്രതി ഇടിയുകയാണ്. പ്രളയത്തിൽ 31 ലക്ഷം ഏക്കറിലെ വിള നശിച്ചപ്പോൾ വെറും 1.20 ലക്ഷം ഏക്കർ മാത്രമാണ് നശിച്ചതെന്ന് പറഞ്ഞ് കർഷകരെ പരിഹസിക്കുകയാണ് ബിജെപി സർക്കാർ ചെയ്തത്. അർഹമായ നഷ്ടപരിഹാരം പോലും കർഷകർക്ക് ലഭ്യമാക്കിയില്ല.
രാജ്യത്ത് കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റിയെടുത്ത കൃഷിഭൂമിയുടെ 25 ശതമാനവും ഹരിയാനയിലാണ്. ഏകദേശം 2,40,000 ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ മാറ്റിയെടുത്തത്. ഇതിന്റെ സിംഹഭാഗവും കൈയടക്കുന്നത് വൻകിട കോർപ്പറേറ്റുകളാണ്. മോദി സർക്കാരിന്റെ കർഷക സ്നേഹം വെറും തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് തെളിയിക്കുകയാണ് ഹരിയാന.
പിഎം കിസാൻ വിഹിതം പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവർ കേരളം നടപ്പിലാക്കുന്ന വിപ്ലവകരമായ കാർഷിക പദ്ധതികളെയും താങ്ങുവിലയെയും കുറിച്ച് മൗനം പാലിക്കുന്നു.
2026 ഫെബ്രുവരി 1ന് അവതരിപ്പിച്ച ബജറ്റിലും കാർഷിക മേഖലയെ അവഗണിച്ചതാണ് മോദി സർക്കാർ. പിഎം കിസാൻ സമ്മാൻ യോജന വിഹിതം പോലും കേന്ദ്രസർക്കാർ ഈ ബജറ്റിൽ വർധിപ്പിച്ചില്ല. പക്ഷെ പിഎം കിസാൻ സമ്മാൻ വഴി കേരളത്തിലെ 27 ലക്ഷത്തോളം വരുന്ന കർഷകർക്ക് വരുമാനം ഉറപ്പാക്കിയെന്നും, പാലക്കാട് മാത്രം 700 കോടി വിതരണം ചെയ്തുവെന്നുമാണ് മോദിയുടെ വാദം.
കാർഷിക മേഖലയെ ചേർത്തുപിടിച്ച എൽഡിഎഫ് സർക്കാർ
കേന്ദ്രം കർഷകർക്കു നെരെ അവഗണന തുടരുമ്പോഴും ബദൽ മാതൃക തീർക്കുകയാണ് കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ എൽഡിഎഫ് സർക്കാർ. കാർഷിക മേഖലയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വരുമാനം വർധിപ്പിക്കുകയാണ് കേരളം.
ഉൽപ്പാദനക്ഷമതയെയും സുസ്ഥിരതയെയും തടസ്സപ്പെടുത്തുന്ന നിരവധി വെല്ലുവിളികൾ കേരളത്തിന്റെ കാർഷിക മേഖല അഭിമുഖീകരിച്ചിരുന്നു. കേന്ദ്രത്തിന്റെ വിവേചനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മേഖലയുടെ വികസനത്തിന് ശക്തമായ അടിത്തറയിടാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. 2023–24ൽ ദേശീയതലത്തിൽ കാർഷികവളർച്ച 2.1 ശതമാനമായിരുന്നു. അതേസമയം കേരളം 4.65 ശതമാനം വളർച്ച നേടി.
സംസ്ഥാനത്ത് കർഷകരുടെ മാസവരുമാനം 60 ശതമാനം വർധിച്ചു. 2024ലെ സാമ്പത്തികസ്ഥിതിവിവര വകുപ്പ് പഠനമനുസരിച്ച്, 2019ൽ 17915 രൂപയായിരുന്നു ശരാശരി പ്രതിമാസവരുമാനം. 2024ൽ ഇത് 29984 രൂപയായി. 2019 മുതൽ 2024 വരെയുള്ള കാലയളവിലെ കർഷക കുടുംബങ്ങളിലെ വരുമാനമാണ് പഠനവിധേയമാക്കിയത്. 2026ൽ ഇത് 33411 രൂപയാകും. 2021ൽ രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി നിരവധി പദ്ധതികളും ആസൂത്രണം ചെയ്‌തു.
സത്യം ഇതായിരിക്കെ, മോദിയുടെ ഈ അവകാശവാദങ്ങൾ കേരളത്തിലെ കർഷകർക്ക് മുന്നിൽ വെറും പാഴ്വാക്കുകളായി മാറുകയാണ്. പിഎം കിസാൻ വിഹിതം പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവർ കേരളം നടപ്പിലാക്കുന്ന വിപ്ലവകരമായ കാർഷിക പദ്ധതികളെയും താങ്ങുവിലയെയും കുറിച്ച് മൗനം പാലിക്കുന്നു.
ഹരിയാനയിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും കർഷകരെ കോർപ്പറേറ്റുകളുടെ ഇരകളാക്കി മാറ്റിയവർക്ക്, കേരളത്തിലെ കർഷകർക്കൊപ്പമാണെന്ന് പറയാൻ ഒരവകാശവുമില്ല. മോദിയുടെ ഗ്യാരണ്ടി എന്നാൽ കോർപ്പറേറ്റുകളുടെ വളർച്ചയും കർഷകരുടെ തകർച്ചയുമാണെന്ന് കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യ തെളിയിച്ചു കഴിഞ്ഞു. ഈ 'മോദി ഗ്യാരണ്ടി' കൊണ്ട് കേരളത്തിന്റെ മണ്ണിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ കൃത്യമായി മറുപടി നൽകും. കർഷക വിരുദ്ധ നയങ്ങൾക്കും കോർപ്പറേറ്റ് പ്രീണനത്തിനുമെതിരെ കേരളം എന്നും കരുത്തുറ്റ പ്രതിരോധമായി നിലകൊള്ളുക തന്നെ ചെയ്യും.










0 comments