print edition വീണാ ജോർജിനെതിരെ സൈബർ ആക്രമണം; ആറന്മുളയിൽ യുഡിഎഫിന്റെ നിലവിട്ടകളി

വീണാ ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (ഇടത്), വീണാ ജോര്‍ജിന്‍റെ പോസ്റ്റിന് താഴെ വന്ന അശ്ലീ കമന്‍റുകള്‍(ഇടത്)

സ്വന്തം ലേഖകൻ
Published on Apr 05, 2026, 01:09 AM | 1 min read
പത്തനംതിട്ട : പരാജയഭീതിയിൽ ആറന്മുളയിൽ നിലവിട്ടകളിയുമായി യുഡിഎഫ്. സൈബറിടങ്ങളിൽ ‘മുഖ’മില്ലാത്തവരെ ഇറക്കി എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിനെ നീചമായ ആക്രമണം. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ വ്യാപകമായി നശിപ്പിച്ചു. പ്രചാരണം ആരംഭിച്ചപ്പോൾ തുടങ്ങിയ അധിക്ഷേപമാണ് വോട്ടെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ എല്ലാ അതിർവരന്പുകളും ലംഘിച്ചത്.
പൊതുസമൂഹത്തിന് മുന്നിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രതിച്ഛായ തകർക്കാനും വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ സംഘടിത ആക്രമണം. തനിക്കെതിരെ ഹീനവും ക്രൂരവുമായ ആക്രമണമാണ് സൈബറിടങ്ങളിൽ നിരന്തരമായി ഉണ്ടാകുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. ലൈംഗിക ചുവകലർന്നതും അപമാനിക്കുന്ന തരത്തിലുമുള്ള കമന്റുകളാണ് ഏറെയും. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ വ്യക്തമാക്കി.
വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അതിക്രമം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് ഇലക്‌ട്രൽ ഏജന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ കലക്‌ടർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്കും പരാതി നൽകി. അപകീർത്തികരമായ ഭാഗങ്ങളുടെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
മാത്തൂർ, ചെന്നീർക്കര, അമ്പലത്തുംപാട്, മുറിപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിച്ച വീണാ ജോർജിന്റെ പ്രചാരണ സാമഗ്രികളാണ് നശിപ്പിച്ചത്.










0 comments