മുന്നേറുകയാണ് ചേർത്തലയും പ്രസാദും

ചേർത്തല മണ്ഡലത്തിലെ സ്വീകരണ പര്യടനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദ്

ഫെബിൻ ജോഷി
Published on Apr 02, 2026, 01:31 AM | 1 min read
ചേർത്തല
‘‘അഞ്ചുവർഷം മുമ്പ് ഞാൻ ഉറപ്പുനൽകിയിരുന്നു എന്റെ പേരിൽ ചേർത്തലയിലെ ഒരുകൊച്ചുകുട്ടിക്കുപോലും തലകുനിക്കേണ്ടി വരില്ലെന്ന്. അണുവിടതെറ്റാതെ വാക്കുപാലിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഞാൻ’’– സ്വീകരണകേന്ദ്രങ്ങളിൽ പി പ്രസാദിന്റെ വാക്കുകൾ നിറഞ്ഞ കരഘോഷത്തോടെ സദസ് സ്വീകരിക്കുന്നു. ലാളിത്യവും സത്യസന്ധതയുംകൊണ്ട് രാഷ്‌ട്രീയ ജീവിതത്തിന്റെ മൂല്യംകൂട്ടിയ പ്രസാദിനെ നെഞ്ചേറ്റുകയാണ് ചേർത്തലയാകെ. മുഹമ്മ പുത്തനങ്ങാടിയിലെ തൈവെളിയിലാണ് ചൊവ്വാഴ്‌ച പര്യടനം തുടങ്ങിയത്. സ്ഥാനാർഥിയെത്തുന്നതിന് ഏറെമുന്നേ എൽഡിഎഫ് പ്രവർത്തകരും ബഹുജനങ്ങളും നിറഞ്ഞ സ്വീകരണകേന്ദ്രം ഇടതുപക്ഷവും ചേർത്തലയുടെ പ്രതിനിധിയായി പ്രസാദും തുടരുമെന്നതിന് തെളിവായി. ‘‘ലൈഫിൽ ലഭിച്ച വീടിന്റെ തണലിലാണ് കുടുംബം ഇന്ന്. ഇൗ സർക്കാരാണ് വീട് തന്നത്. ഇതെല്ലാം നിർത്തുമെന്നല്ലെ യുഡിഎഫ് പറയുന്നത്. അവർക്ക് സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാവില്ല. ഞങ്ങളുടെ പ്രതിനിധിയായി പ്രസാദും ഇടതുപക്ഷവും തന്നെമതി’– വാരണം കളരിക്കൽ രതീഷ് പറയുന്നു. എല്ലാ സ്വീകരണകേന്ദ്രത്തിലും ആൾക്കൂട്ടമാണ്. പ്രായമായവർ നെറുകയിൽ കൈചേർത്ത് അനുഗ്രഹിക്കുമ്പോൾ. ചേർത്തുപിടിക്കുകയാണ് സമപ്രായക്കാരിലേറെയും. ‘‘അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഒരുപാട് ഇടപെടൽ നടത്തി തിരുവിഴയിൽ നമുക്ക് അഗ്രോ പാർക്ക് തുടങ്ങാനായി. 50 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ കഴിഞ്ഞു. ആർക്കും ഏതുസമയത്തും എന്തുകാര്യത്തിനും സമീപിക്കാൻ കഴിയുന്ന എംഎൽഎയായിരിക്കുമെന്ന് വാക്കുനൽകിയിരുന്നു. സ്‌ത്രീകൾക്ക് വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ ആലോചനയിലുണ്ട്. ഇടതുപക്ഷത്തിനൊപ്പമാണ് ചേർത്തലയുടെ രാഷ്‌ട്രീയം. മണ്ഡലത്തിന്റെ സ്വപ്നങ്ങളെല്ലാം നമുക്ക് നടപ്പാക്കാൻ കഴിയും’’– പി പ്രസാദ് ദേശാഭിമാനിയോട് പറഞ്ഞു. ആൾക്കൂട്ടങ്ങളിലേക്ക് യാത്ര തുടരുമ്പോഴും ഏറ്റവും സാധാരണക്കാരനായി ജനങ്ങളും പ്രസ്ഥാനവും ഏൽപ്പിച്ച ദൗത്യം തുടരുകയാണ് ചേർത്തലയുടെ സാരഥി.










0 comments