ആധാരം തിരികെ ലഭിച്ച മത്സ്യത്തൊഴിലാളികൾ പറയുന്നു
ചിത്തൻ അല്ലാതെ വേറെ ആര്

ആധാരം തിരികെ ലഭിച്ച വെളിയിൽ ബോബനും കുടുംബവും
കെ എസ് ലാലിച്ചൻ
Published on Apr 01, 2026, 12:35 AM | 1 min read
മാരാരിക്കുളം
ചെട്ടികാട് കടപ്പുറത്തെ 20 പേരടങ്ങുന്ന 'അമലോത്ഭവ' സ്വാശ്രയ സംഘം 14 പേരുടെ ആധാരം പണയപ്പെടുത്തി വള്ളവും വലയും വാങ്ങാൻ 2005ൽ എസ്ബിഐ കൊമ്മാടി ശാഖയിൽനിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തു. കൃത്യമായി വായ്പ തിരിച്ചടച്ചിരുന്നെങ്കിലും കാലവർഷത്തിലും മറ്റും ഉപകരണങ്ങൾക്ക് കേടുപാടുണ്ടായതോടെ മുടങ്ങി. 2010ൽ കടശ്വാസകമീഷൻ ഇടപെട്ട് കുടിശിക തീർത്തു. ആധാരം തിരികെ കിട്ടാൻ തുടർച്ചയായി ബാങ്കിൽ കയറിയിറങ്ങിയിട്ടും നൽകിയില്ല. മാത്രമല്ല ഏഴുലക്ഷം രൂപ ഇനിയും അടയ്ക്കാനുണ്ടെന്നും അധികൃതർ പറഞ്ഞു.
13 വർഷത്തോളമാണ് മത്സ്യത്തൊഴിലാളികൾ ആധാരത്തിനായി ബാങ്കിൽ കയറിയിറങ്ങിയത്. ഒടുവിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. എം എൽ എ മത്സ്യത്തൊഴിലാളികളെയും കൂട്ടി ബാങ്കിൽ ചെന്നു. ആധാരം കിട്ടിയില്ല. നഷ്ടപ്പെട്ടു പോയെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി.
ഇതോടെ എം എൽ എ തൊഴിലാളികളെയും കൂട്ടി 2023 ജൂലൈ 13 ന് ആലപ്പുഴ റീജണൽ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. പ്രശ്നത്തിൽ അന്നത്തെ കലക്ടർ ഹരിത വി കുമാറും ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥരും ഇടപെട്ടു. ആധാരം തിരികെ ലഭിക്കാതെ ഒരു ഒത്തുതീർപ്പും ഇല്ലെന്ന പി പി ചിത്തരഞ്ജന്റെ നിലപാടിന് മുന്നിൽ ബാങ്കുകാർ മുട്ടുമടക്കി. ഏറെ താമസിയാതെ ആധാരം തിരികെ കൊടുക്കാൻ തയ്യാറായി. ഇങ്ങനെയാണ് ചിത്തരഞ്ജൻ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്നത്.
ചിത്തരഞ്ജന്റെ അന്നത്തെ ഇടപെടലിൽ ജീവിതം തിരികെ കിട്ടിയ 14 കുടുംബങ്ങളിൽ കൊച്ചീക്കാരൻ വീട്ടിൽ ജോസഫ് ( പോപ്പൻ ), വാഴക്കൂട്ടത്തിൽ കുഞ്ഞുമോൻ, കൊച്ചീക്കാരൻ വീട്ടിൽ റോബർട്ട് തുടങ്ങിയവർ ഉണ്ട്. ആധാരം തിരികെ വാങ്ങി തന്ന ചിത്തനെ ഒരിക്കലും മറക്കില്ലെന്ന് ജോസഫ് പറയുന്നു. ഇത് ഒരു ജോസഫിന്റെ മാത്രം അഭിപ്രായം അല്ല.. ഈ 14 കുടുംബങ്ങളും കടലോരഗ്രാമവും ഒന്നായി പറയുന്നു... ചിത്തൻ അല്ലാതെ വേറെ ആര് ?










0 comments