Deshabhimani

തലയെടുപ്പോടെ ടൈറ്റാനിയം

ചാരത്തിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സഞ്ജയ്‌ സുരേഷ്‌

Published on Apr 05, 2026, 12:00 AM | 1 min read

വഞ്ചിയൂർ

"പൂട്ടലിന്റെ വക്കിൽനിന്ന്, ലോകശ്രദ്ധ നേടിയ വ്യവസായശാലയായി ട്രാവൻകൂർ ടൈറ്റാനിയം വളർന്നു. ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം വിചാരിച്ചാൽ മരണാസന്നമായ വ്യവസായത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താമെന്നതിന്റെ മികച്ച ഉദാഹരണം’– ടൈറ്റാനിയം തൊഴിലാളിയും 2001ൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിലെ അംഗവുമായ രഞ്ജിത് കുനിമ്മലിന്റെ വാക്കുകളിലുണ്ട്‌ വിസ്മയകരമായ മുന്നേറ്റത്തിന്റെ ചിത്രം. പത്തുവർഷംമുന്പ്‌ ഉൽപ്പാദനം നിലച്ച് ഇരുളടയുമെന്നു കരുതിയ ഭൂതകാലം ടൈറ്റാനിയത്തിനുണ്ടായിരുന്നു. ‘പുകക്കുഴൽ വ്യവസായങ്ങൾക്ക് ഇനി ഭാവിയുണ്ടാകില്ല' എന്ന് മുൻ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും വിധിയെഴുതി. എന്നാൽ, 2016-ൽ എൽഡിഎഫ് സർക്കാർ വന്നതോടെ ടൈറ്റാനിയത്തിന്റെ തലവര മാറി. തൊഴിലാളികളുടെ കണ്ണീരൊപ്പാനായിരുന്നു ആദ്യശ്രമം. കുടിശ്ശികയായിരുന്ന പിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയവ നൽകാൻ അഞ്ചുകോടി അനുവദിച്ചു. പിന്നാലെ സൾഫ്യൂറിക് ആസിഡ് പ്ലാന്റ് 10 കോടി രൂപയിൽ നവീകരിച്ചു. ടൈറ്റാനിയത്തിന്റെ 89.02 കോടി രൂപയുടെ വായ്‌പകൾ ഓഹരിയാക്കി മാറ്റിയതോടെ കമ്പനിയുടെ ബാധ്യതയും കുറഞ്ഞു. സർവീസ് ചാർജ് ഇനത്തിൽ ലഭിക്കേണ്ട 70 കോടിയോളം രൂപ എഴുതിത്തള്ളാനും കസ്റ്റംസ് നികുതി കുടിശ്ശിക തീർക്കാൻ 19.83 കോടി അനുവദിക്കാനും സർക്കാർ തയ്യാറായതോടെ ടൈറ്റാനിയം കരുത്ത് വീണ്ടെടുത്തു. ഇലക്ട്രിക് വാഹനവിപ്ലവത്തിൽ കേരളത്തിന്റെ പേര് സുവർണലിപികളിൽ കുറിക്കാൻ കെ-ഡിസ്ക്‌ നേതൃത്വത്തിൽ ഐഎസ്ആർഒ, സി-–ഡാക് എന്നിവയുമായി ചേർന്ന് ലിഥിയം ടൈറ്റനേറ്റ് ബാറ്ററികൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന്‌ ഫാക്ടറി. ഇന്ത്യയിലാദ്യമായി ഫൈബർ ഗ്രേഡ്, ഫാർമ ഗ്രേഡ്, കാറ്റലിറ്റിക് ഗ്രേഡ്, ടൈറ്റാനിയം ഉൽപ്പന്നങ്ങളുടെ സൾഫേറ്റ് റൂട്ടിലെ നിർമാണം എന്നിവയും പുരോഗമിക്കുന്നു. വിരമിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ആനുകൂല്യങ്ങളും കൃത്യമായി നൽകുന്നുണ്ടെന്ന് ടൈറ്റാനിയം ജനറൽ ലേബർ യൂണിയൻ സെക്രട്ടറി എൽ വർഗീസ് പറഞ്ഞു. വികസനത്തിന്റെ ഈ സുവർണകാലത്ത്‌, മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ കറുത്ത അധ്യായവും ചർച്ചയാകുന്നുണ്ട്. അന്ന് കൊണ്ടുവന്ന മലിനീകരണ നിയന്ത്രണ പ്ലാന്റ് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് എഐസിസി മുൻ അംഗം കെ കെ രാമചന്ദ്രനും കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫും നടത്തിയ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം നടക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home