Deshabhimani

തിരയാടും തീരമെന്നും സ്വാഗതമോതിടും...

നവീകരിച്ച ശംഖുംമുഖം പാര്‍ക്ക്

നവീകരിച്ച ശംഖുംമുഖം പാര്‍ക്ക്

avatar
സഞ്ജയ്‌ സുരേഷ്‌

Published on Mar 29, 2026, 12:00 AM | 1 min read

വഞ്ചിയൂർ

ഒരുകാലത്ത് കടലാക്രമണത്തിലും അവഗണനയിലും തളർന്നുപോയ ശംഖുംമുഖം തീരം ഇന്ന് സഞ്ചാരികളെ ഇരുകൈയുംനീട്ടി സ്വാഗതമോതുന്ന തീരമാണ്‌. കാടുപിടിച്ചു കിടന്ന ഇടത്തിൽനിന്ന്‌ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ശംഖുംമുഖത്തിന്റെ മാറ്റം വിസ്മയകരമാണ്. പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ വെഡിങ് പോയിന്റും അത്യാധുനിക ഗെയിമിങ് സോണും വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ സംഗമഭൂമിയുമാണ് ഇന്നിവിടം. "കുറച്ചുകാലംമുമ്പ് ഇവിടത്തെ കളിയിടങ്ങളെല്ലാം നശിച്ചുപോയിരുന്നു. എന്നാൽ, ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വരാൻ ആഗ്രഹിക്കുന്ന സ്ഥലം ഇതാണ്. വൈകുന്നേരങ്ങളിൽ വീട്ടുകാർക്കൊപ്പം ഇവിടെ സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. ഗെയിംസും ഫുഡ് കോർട്ടുമെല്ലാം ഉണ്ടിവിടെ"– ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഷെൽഡൻ സുധിഷ് റൊസാരിയോയുടെ വാക്കുകളിൽ മാറ്റത്തിന്റെ തിളക്കം. ഏകദേശം 8.5 കോടി രൂപയിലാണ്‌ ശംഖുംമുഖത്തിന്റെ മുഖച്ഛായ മാറ്റിയത്. ട്രിവാൻഡ്രം ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നടന്ന നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ഫലം കണ്ടുതുടങ്ങി. ഇതിനകംത്തന്നെ 92 വിവാഹമാണ്‌ ശംഖുംമുഖത്തെ വേദിയാക്കിയത്‌. 2027 ജനുവരിവരെ ബുക്കിങ്ങുണ്ട്‌. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർപോലും ശംഖുംമുഖം വിവാഹവേദിയാക്കുന്നുവെന്നത് ഇവിടത്തെ സൗകര്യങ്ങളുടെ ഗുണനിലവാരംകൊണ്ടുതന്നെയാണ്‌. കുട്ടികൾക്കായി ഒരുക്കിയ വിപുലമായ ഗെയിംസ് സോണും രാജ്യാന്തര ബ്രാൻഡുകൾമുതൽ നാടൻരുചികൾവരെ ലഭ്യമാകുന്ന ഫുഡ്കോർട്ടും കുടുംബങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു. 2018-ലെ ഓഖി ദുരന്തത്തിൽ പൂർണമായും തകർന്ന ശംഖുംമുഖം ഡൊമസ്റ്റിക് എയർപോർട്ട് റോഡ് ഇന്ന് പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കരുത്തോടെ നിലകൊള്ളുന്നു. "ഓഖി ദുരന്തത്തിൽ റോഡ് പൂർണമായും കടലെടുത്തിരുന്നു. വർഷങ്ങളോളം പ്രദേശവാസികൾ ദുരിതമനുഭവിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെയും ആന്റണി രാജു എംഎൽഎയുടെയും കഠിനപ്രയത്നമാണ് കടലെടുക്കാത്ത ഇ‍ൗ റോഡിനുപിന്നിലുള്ളത്. 2022-ൽ പണി പൂർത്തിയാക്കി തുറന്നുകൊടുത്തശേഷം നിരവധി കടൽക്ഷോഭങ്ങൾ ഉണ്ടായി, പക്ഷേ, റോഡിന് ഒന്നും സംഭവിച്ചില്ല,"– വലിയതോപ്പ് സ്വദേശി വിൻസെന്റ് ഗോമസ് പറയുന്നു. ആധുനിക സാങ്കേതികവിദ്യയായ 'റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഡയഫ്രം വാൾ' നിർമിച്ചാണ് കടലാക്രമണത്തിൽനിന്ന് റോഡിനെ സംരക്ഷിക്കുന്നത്. കടൽത്തീരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾകൂടി പൂർത്തിയാകുന്നതോടെ ശംഖുംമുഖം കൂടുതൽ സുന്ദരമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home