കോവളം മാറും
വിജയതീരത്ത് അടുക്കാൻ എൽഡിഎഫ്

വെള്ളായണി - കാക്കാമൂല പാലത്തിന് മുന്നിൽ ആനന്ദരാജ്

സ്വാതി സുജാത
Published on Apr 03, 2026, 12:01 AM | 1 min read
തിരുവനന്തപുരം
തകർന്ന തറയും ഇളകിയാടുന്ന ജനലും വീർപ്പുമുട്ടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും വൃത്തിഹീനമായ ചുറ്റുപാടുമായി വർഷങ്ങൾ പഴക്കമുള്ള കെട്ടിടം – ഇത് വിഴിഞ്ഞം ബസ്‌സ്റ്റാൻഡ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന് തൊട്ടടുത്ത് ഇങ്ങനെയൊരു ബസ്‌സ്റ്റാൻഡോ? നഗരത്തിന്റെ തിരക്കുകളിൽനിന്ന് 13 കിലോമീറ്റർ അകലെ, കോവളം മണ്ഡലത്തിന്റെ അതിരുകളിലേക്ക് കടക്കുമ്പോൾ എതിരേൽക്കുന്നത് വികസനമുരടിപ്പിന്റെ നേർചിത്രമാണ്. റോഡുകളിൽ കുണ്ടും കുഴിയും. പലതും ചെങ്കൽപാതകൾ. പലയിടത്തും മാലിന്യക്കൂമ്പാരം. എംഎൽഎയുടെ അവഗണനയിൽ മണ്ഡലത്തിന്റെ അടിസ്ഥാന വികസനങ്ങൾ പലതും നടന്നില്ല. ബസ്‌സ്റ്റാൻഡിലെ നിരാശയിൽനിന്ന് കടലോരത്തേക്ക് നീങ്ങിയാൽ കാഴ്ച മാറും. നീളുന്ന പുലിമുട്ടുകളും വലിയ ചൈനീസ് ക്രെയിനുകളും. സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽമാത്രം നടപ്പായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം! കേരളത്തിന്റെ വികസന ചരിത്രത്തിലെ സുവർണ അധ്യായം. 2028-ഓടെ പദ്ധതിയുടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. കല്ലിയൂരിൽ എൽഡിഎഫ് പ്രവർത്തകരും നാട്ടുകാരും സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി നേടിയെടുത്ത മറ്റൊരു നേട്ടമുണ്ട്, വെള്ളായണി പാലം. "വെള്ളായണി കാക്കാമൂല, പൂങ്കുളം നിവാസികളുടെ സ്വപ്നമാണ് പൂർത്തിയാകുന്നത്. ബാലരാമപുരം, നെയ്യാറ്റിൻകര ഭാഗത്തുനിന്ന് ബൈപ്പാസിലേക്ക് പോകുന്നവർക്ക് വളരെ ഉപകാരമാണ്. ശുദ്ധജല തടാകമായ വെള്ളായണി കായലിന് കുറുകെയുള്ള ബണ്ട് മുറിയുന്നതോടെ കായലിൽ സ്വാഭാവിക നീരൊഴുക്കും ഉണ്ടാകും'– പ്രദേശവാസിയായ ആനന്ദരാജ് ശാരദ പറഞ്ഞു. കാക്കാമൂലയിൽ നിർമിക്കുന്ന പാലം അവസാനഘട്ടത്തിലാണ്. പൂർണമായും കിഫ്ബി ഫണ്ടായ 30.25 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. വെള്ളായണി കായൽ വികസനത്തിനായി 98 കോടി രൂപ അനുവദിച്ച് പണി ആരംഭിച്ചിട്ടുണ്ട്. അവിടെനിന്ന് അൽപ്പംമാറിയാണ് ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ. 220 കെവി സബ്‌സ്റ്റേഷൻ യാഥാർഥ്യമായതോടെ വിഴിഞ്ഞത്ത് വോൾട്ടേജ് ക്ഷാമം പഴങ്കഥയാണ്. ജില്ലയിലെ ആദ്യ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനാണ് (ജിഐഎസ്) വിഴിഞ്ഞത്തേത്. "എംഎൽഎ അവഗണിച്ചതുകൊണ്ടുമാത്രം കോവളം വികസനത്തിന്റെ കാര്യത്തിൽ മുരടിക്കുകയാണ്. ഞങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും നടപ്പാകാനുമാകാത്ത പ്രതിനിധിയെ മടുത്തു. കിഫ്‌ബി ഫണ്ട് ഉപയോഗിക്കാൻ സർക്കാർ തയ്യാറായാലും അതിനെ തകർക്കാനാണ് എംഎൽഎ ശ്രമിക്കുന്നത്. എംഎൽഎയുടെ ഭരണം മടുത്തു. കോവളം മാറും’ വോട്ടർമാർ ഒറ്റ ശബ്ദത്തിൽ പറയുന്നു.










0 comments