ഹരിപ്പാട് മാറും ജിസ്മോൻ മാറ്റും

ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി ടി ടി ജിസ്മോൻ ആറാട്ടുപുഴയിൽ വോട്ട് അഭ്യര്‍ഥിക്കുന്നു
ഗോകുൽ ഗോപി
Published on Mar 29, 2026, 01:19 AM | 1 min read
ഹരിപ്പാട്
സന്ദേശ കാവ്യങ്ങളുടെ ഈണം തുടിക്കുന്ന ഹരിപ്പാടിന്റെ മണ്ണിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുന്നു. രണ്ടുദശാബ്ദത്തെ വികസന മുരടിപ്പിൽനിന്നും മോചനമാഗ്രഹിക്കുന്ന ഹരിപ്പാട്, എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ്‌മോനിലൂടെ പുതിയ സൂര്യോദയത്തെ പ്രതീക്ഷിക്കുന്നു.
അച്ചൻകോവിലാറിന്റെയും പമ്പയുടെയും ഓളങ്ങൾക്കും ആറാട്ടുപുഴയുടെയും വലിയഴീക്കലിന്റെയും തിരമാലകൾക്കും ഒപ്പം ഹരിപ്പാടിന്റെ മനസിൽ ഇത്തവണ ചുവപ്പ് അലയടിക്കും. പുതിയ കാലത്തിന്റെ പ്രതീക്ഷകളുമായാണ് എൽഡിഎഫ് സ്ഥാനാർഥി ജിസ്‌മോൻ ഹരിപ്പാട്ട് കളം നിറഞ്ഞത്. ഒന്നരപ്പതിറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിച്ച രമേശ് ചെന്നിത്തലയ്‌ക്ക് പ്രദേശത്തെ സാധാരണക്കാരുടെ ജീവിതനിലവാരത്തിലോ തീരദേശ വികസനത്തിലോ പുരോഗതി കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
‘താക്കോൽസ്ഥാന'ത്തിനായുള്ള പരക്കംപാച്ചിലും ഗ്രൂപ്പ് രാഷ്ട്രീയത്തിലും മാത്രമായി ഒതുങ്ങിയ എംഎൽഎ, സാധാരണക്കാരന്റെ പ്രശ്നങ്ങൾ വിസ്മരിച്ചു. യുഡിഎഫ് എംഎൽഎയുടെ മണ്ഡലത്തിൽ സംസ്ഥാന സർക്കാർ -നടത്തിയ വികസന പദ്ധതികൾ നിരവധിയാണ്. മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് ആക്ഷേപിച്ച കിഫ്ബിയിലൂടെ മാത്രം 433.90 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. 146 കോടി രൂപ ചെലവിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആർച്ച് പാലമായ വലിയഴീക്കൽ പാലം, 140 കോടിയുടെ ഹരിപ്പാട് കുടിവെള്ള പദ്ധതി, ആറാട്ടുപുഴ മുതൽ തൃക്കുന്നപ്പുഴവരെ കടലാക്രമണ പ്രതിരോധത്തിന് 80 കോടിയുടെ പുലിമുട്ടുകൾ, പ്രളയ ദുരിതാശ്വാസത്തിന് ചെറുതനയിൽ സ്ഥിരം ഷെൽട്ടർ, വീയപുരം തടി ഡിപ്പോയിൽ എക്കോ ടൂറിസം തുടങ്ങി നിരവധി വികസനപ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയത്.
ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടും കള്ളിക്കാവ്–കനകക്കുന്ന് പാലത്തിന്റെ നിർമാണം ആരംഭിച്ചില്ല. പാലത്തിന്റെ നിർമാണത്തിനാവശ്യമായ ഇടപെടൽ എംഎൽഎ നടത്തുന്നില്ലെന്ന ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്. ഹരിപ്പാട് താലൂക്കാശുപത്രിയെ ജില്ലാശുപത്രിയാക്കാനുള്ള ശ്രമത്തിന് തുരങ്കം വയ്ക്കുന്ന യുഡിഎഫിന് ജനം വോട്ടിലൂടെ മറുപടി നൽകും.
കണക്കുകൾ പരിശോധിച്ചാൽ യുഡിഎഫിന്റെ വോട്ടിലുണ്ടായ വിള്ളൽ വ്യക്തം. സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടർമാരിലേക്ക് എത്തിയതോടെ എൽഡിഎഫിന്റെ വോട്ടുനിലയിൽ വർധനവുണ്ടായി. എന്നാൽ യുഡിഎഫ് വിജയം നിലനിർത്തിയതിൽ ബിജെപി ഡീലും മുഖ്യഘടകം. വികസനത്തിന്റെ പുതിയ ഭാഷ സംസാരിക്കുന്ന എൽഡിഎഫിനൊപ്പം നിൽക്കാൻ ഹരിപ്പാട് ഒരുങ്ങിക്കഴിഞ്ഞു.
യുഡിഎ-ഫിനായി രമേശ് ചെന്നിത്തലയും എൻഡിഎയ്ക്കായി സന്ദീപ് വചസ്പതിയുമാണ് മത്സര രംഗത്ത്.










0 comments