05 October Thursday

അനാവശ്യ ഭീതിവേണ്ട; കോവിഡ് കാലത്ത് ഗര്‍ഭിണികള്‍ക്കാവശ്യം കൂടുതല്‍ കരുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

 കൊച്ചി> കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും സമയമാണ് ഗര്‍ഭകാലം. എന്നാല്‍ കോവിഡ് മഹാമാരി പലരുടെയും ഗര്‍ഭകാലത്തെ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലമായി മാറ്റിയിരിക്കുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തെക്കാളേറെ രണ്ടാം തരംഗം ഗര്‍ഭിണികളെ കൂടുതല്‍ ഭയപ്പെടുത്തുന്നതായി കാണാം. തങ്ങളുടെയോ പങ്കാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുന്നതും കുറയുന്നതുമെല്ലാം ആശങ്കക്ക് ആക്കം കൂട്ടുന്ന  ഘടകങ്ങളാണ്.

എന്നാല്‍, അമിതമായ ഭയവും ഉത്കണ്ഠയും ഗര്‍ഭകാലത്ത് നല്ലതല്ല. അനാവശ്യമായ ഭീതി മാറ്റിവെച്ച് ശ്രദ്ധയും കരുതലുമായി മുന്നോട്ടു പോവുകയാണ് ഈ മഹാമാരിക്കാലത്ത് ഗര്‍ഭിണികള്‍ ചെയ്യേണ്ടത്.  ഒന്നാമത്തെ തരംഗത്തിലും രണ്ടാമത്തെ തരംഗത്തിലും ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും ഗര്‍ഭിണിയോ ഗര്‍ഭസ്ഥ ശിശുവോ കോവിഡ് മൂലം മരിച്ച സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കോവിഡിന്റെ മറ്റെല്ലാ മേഖലകളെയും പോലെ ഇക്കാര്യത്തിലും  ശാസ്ത്രീയമായ തുടര്‍പഠനങ്ങളുടെ അടിസ്ഥാനത്തിലെ ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകൂ.

ഗര്‍ഭകാലത്ത്‌ കൂടുതൽ ശ്രദ്ധ

കോവിഡ് കാലത്ത് അടിവരയിട്ട്  പറയേണ്ട കാര്യമാണ് ഗര്‍ഭാവസ്ഥ രോഗമല്ല എന്നത്. ഗര്‍ഭിണി രോഗിയുമല്ല. ഗര്‍ഭം അനുബന്ധരോഗങ്ങളില്‍ (കോ മോര്‍ബിഡിറ്റി) പെടുന്നുമില്ല. അതിനാല്‍ തന്നെ, ഗര്‍ഭിണികള്‍ കോവിഡിനെ ഭയപ്പക്കേണ്ടതില്ല. ഗര്‍ഭാവസ്ഥ ശരീരത്തിലും രോഗപ്രതിരോധ ശേഷിയിലും പല മാറ്റങ്ങളും ഉണ്ടാക്കുമെന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണെന്നുമാത്രം.

ഗര്‍ഭിണികള്‍ക്കും മറ്റുള്ളവരെപ്പോലെ തന്നെ കോവിഡ് ബാധിച്ചേക്കാം. കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികില്‍സിച്ചാല്‍ സാധാരണഗതിയില്‍ രോഗം ഭേദമാവുകയും ചെയ്യും. എന്നാല്‍, രോഗം മൂര്‍ച്ഛിക്കുന്നത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കും. അമിതഭാരം, പ്രായക്കൂടുതല്‍, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവ ഗര്‍ഭിണികളില്‍ കോവിഡ് ഗുരുതരമാക്കാന്‍ കാരണമാകാം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടണം.

ഗർഭകാലത്ത്‌ ഇവ ശ്രദ്ധിക്കാം

1. എസ്എംഎസ്  

കോവിഡിനെ പടിക്കുപുറത്ത് നിര്‍ത്താനായി എസ്എംഎസ്  എന്ന ത്രയക്ഷരി മന്ത്രം മുറുകെ പിടിക്കുക. sanitaisation(ശുചിത്വം), mask ( മാസ്‌ക്ക്), social distancing (ശാരീരിക അകലം) എന്നതാണ് എസ്എംഎസ് സൂചിപ്പിക്കുന്നത്.

'    അണുബാധ ഒഴിവാക്കാനായി ഗര്‍ഭകാലത്ത് ശ്വസനശുചിത്വം പാലിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മറയ്ക്കുക.
'    കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ തൊടാതിരിക്കുക.
'    കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
'    സോപ്പും വെള്ളവും ലഭ്യമാകാത്തപ്പോള്‍ സാനിറ്റെസര്‍ ഉപയോഗിക്കുക.
'    രോഗബാധക്ക് സാധ്യത കൂട്ടുന്ന ആള്‍ക്കൂട്ടം പോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
'    അടിയന്തിര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോഴും ആളുകളുമായി ഇടപഴകേണ്ടി വരുമ്പോഴും മാസ്‌ക്ക് ഉപയോഗിക്കുക
'    സാധ്യമെങ്കില്‍ ഇരട്ട മാസ്‌ക്ക് തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
'    സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുക.

2. ഗര്‍ഭകാല പരിശോധനകള്‍

ഗര്‍ഭകാല പരിശോധനകളും കുത്തിവെപ്പുകളും മുടക്കേണ്ടതില്ല. എന്നാല്‍, അനാവശ്യമായി ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കുക. പരിശോധന മുടക്കുന്നതും അയണ്‍ ഫോളിക്ക് ആസിഡ് ഗുളികകള്‍ കഴിക്കാതിരിക്കുതും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും. കുഞ്ഞിന് തൂക്കക്കുറവ്, പ്രായത്തിനനുസരിച്ച് വളര്‍ച്ച ഉണ്ടാകാതിരിക്കുക എന്നിവയും ഇതുമൂലം ഉണ്ടാകാം.

'    പ്രസവത്തിന് മുമ്പ് അഞ്ച് പ്രാവശ്യവും പ്രസവശേഷം  മൂന്ന് പ്രാവശ്യവുമാണ് സാധാരണയായി പരിശോധനക്കായി പോകേണ്ടത്.

'    അനാവശ്യ സ്‌കാനിങ്ങുകള്‍ ഒഴിവാക്കണം.

 3. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍

വീട്ടിലുണ്ടാക്കുന്ന ആഹാരം സമയത്ത് ചൂടോടെ കഴിക്കുക. ഭക്ഷണത്തില്‍ ധാരാളം നാരുകള്‍ (ഫൈബര്‍) ഉള്‍പ്പെട്ടതായി ഉറപ്പുവരുത്തണം. തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുക. ഒരു കിലോയ്ക്ക് 30 മില്ലി ലീറ്റര്‍ എന്ന തോതില്‍ ശരീരഭാരത്തിനനുസരിച്ച് പ്രതിദിനം വെള്ളം കുടിക്കണം എന്നതാണ് ആരോഗ്യകരമായ ജീവിത ശൈലി. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും വൃത്തിയുള്ള പാത്രങ്ങള്‍ ഉപയോഗിക്കുക. പറ്റാവുന്ന തരത്തില്‍ ഡോക്ടറുടെ ഉപദേശമനുസരിച്ച് വ്യായാമം ചെയ്യുക.

'    ഫ്രഷ് പച്ചക്കറികളും പഴങ്ങളും കഴിക്കുക.
'    ദിവസവും 5 ഗ്രാം ഉപ്പു മതി.
'    പ്രതിദിനം ആറു സ്പൂണ്‍ പഞ്ചസാരയില്‍ കൂടുതല്‍ കഴിക്കരുത്.
'    ഗര്‍ഭിണികള്‍ക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ മീനും അണ്ടിപരിപ്പും പോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കാം.
'    ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.

4. കോവിഡ് വാക്‌സിനേഷന്‍

ഇന്ത്യയില്‍ നിലവില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കേണ്ടതില്ല എന്നതാണ് ഗവണ്‍മെന്റ് തീരുമാനം.

  വിവരങ്ങള്‍ക്ക് കടപ്പാട്: യുനിസെഫ്, ഡോ.എന്‍.എസ് അയ്യര്‍.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top