02 December Monday

മനസ്സ്‌ താളം തെറ്റുമ്പോൾ

ഡോ. ടി ആർ ജോൺUpdated: Sunday Oct 20, 2024

മനുഷ്യമനസ്സിന്റെ താളം തെറ്റിക്കുന്ന ചിത്തഭ്രമങ്ങളിൽ (സൈക്കോസിസ്) ഗുരുതര സ്വഭാവമുള്ളതാണ്‌ സ്കിസോഫ്രീനിയ. ഡെലൂഷൻ (മിഥ്യാഭ്രമം), ഹാലൂസിനേഷൻ (മതിഭ്രമം) തുടങ്ങിയ പ്രശ്നങ്ങളാണ്‌ രോഗമുള്ളവർക്ക്‌ അനുഭവപ്പെടുക. ആരും വിശ്വസിക്കാത്ത, ആരെയും പറഞ്ഞ്‌ ബോധിപ്പിക്കാനാകാത്ത ചിന്തകളായിരിക്കും മനസ്സിൽ. മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ കേട്ടെന്നും കാണാത്ത കാര്യങ്ങൾ കണ്ടെന്നും  പറയും. അങ്ങനെ രോഗി യാഥാർഥ്യത്തിൽനിന്ന് പതിയെ വിട്ടുപോവുകയും സ്വയം അവരുടേതായ ലോകത്ത് ഒറ്റപ്പെടുകയും ചെയ്യും. ഏത് പ്രായക്കാരിലും എപ്പോൾ വേണമെങ്കിലും വരാവുന്ന രോഗമാണിത്‌. എല്ലാവരിലും ലക്ഷണങ്ങൾ ഒരുപോലെ ആകണമെന്നില്ല. തീവ്രത കുറഞ്ഞും കൂടിയുമിരിക്കും. ലക്ഷണങ്ങൾ ആവർത്തിക്കുന്ന തോതിലും മാറ്റങ്ങളുണ്ടാകാം.

നിയന്ത്രിക്കാം

കൃത്യമായ തെറാപ്പിയിലൂടെയും സഹജീവികളുടെ പിന്തുണയിലൂടെയും രോഗം നിയന്ത്രിക്കാം.തലച്ചോറിന്റെ ചിലഭാഗങ്ങളിൽ ‘സന്തോഷത്തിന്റെ കെമിക്കൽ’എന്നറിയപ്പെടുന്ന ഡോപമിന്റെ ഉൽപ്പാദനം ക്രമാതീതമായി നടക്കുന്നവരിലാണ്  ചിത്തഭ്രമം ഉണ്ടാകുന്നതെന്ന് 1950കളിൽത്തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന പഠനങ്ങളെല്ലാം ഡോപമിനെമാത്രം ചുറ്റിപ്പറ്റിയുള്ളതായിരുന്നു. എന്നാൽ, ചിന്തകളുടെ നിയന്ത്രണം മാത്രമല്ല, മനുഷ്യന്റെ സ്വാഭാവിക ചലനശേഷിയുൾപ്പെടെ  നിരവധി ശാരീരിക പ്രവർത്തനങ്ങളെ ഡോപമിൻ നിയന്ത്രിക്കുന്നുണ്ട്. ഡോപമിന്റെ പ്രവർത്തനം തടയുന്ന മരുന്നുകൾ കഴിക്കുമ്പോൾ പാർക്കിൻസൺ രോഗത്തിനു സമാനമായ നിരവധി പാർശ്വഫലങ്ങൾ രോഗികൾക്ക് നേരിടേണ്ടിവരുന്നു.

എല്ലാ പഠനങ്ങളും ഡോപമിനെ ചുറ്റിപ്പറ്റിയുള്ളതായതിനാൽ സ്കിസോഫ്രീനിയയെ നേരിടാനുള്ള മറ്റു വഴികൾ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളെല്ലാം ഏതാണ്ട് അടഞ്ഞമട്ടിലായിരുന്നു. എന്നാൽ, കഴിഞ്ഞമാസം  പുതിയ മരുന്നിന് അംഗീകാരം കിട്ടി. കോബെൻഫി എന്നാണ്‌ മരുന്നിന്റെ പേര്‌. സനോമെലീൻ, ട്രോസ്പിയം എന്നീ രണ്ടു മരുന്നിന്റെ മിശ്രിതമാണ്  കോബെൻഫി. ബോസ്റ്റണിലെ ഒരു കമ്പനിയാണ്‌ ഇതിനായുള്ള ഗവേഷണത്തിന്‌ നേതൃത്വം നൽകിയത്‌.

ഭാവിയിൽ ഡിമെൻഷ്യപോലെയുള്ള രോഗങ്ങൾക്കും ഈ മരുന്ന് മികച്ച ഫലപ്രാപ്തി നൽകിയേക്കാം എന്ന പ്രതീക്ഷയിലാണ്‌ ഗവേഷകർ. നിലവിൽ വില കൂടുതലുള്ള മരുന്നാണിത്‌. വ്യാപകമായ ഉപയോഗം വന്നുതുടങ്ങിയിട്ടില്ല. കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്‌.

(കൊച്ചി ആസ്റ്റർ മെഡ്സിറ്റി സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top