ഞങ്ങളുടെ സിഎം, ഞങ്ങളുടെ ലാലേട്ടൻ..! “കണ്ടും മിണ്ടിയും ഇരുവർ” ടീസർ വൻ ഹിറ്റ്

മോഹൻലാൽ, പിണറായി വിജയൻ | ടീസർ വീഡിയോയിൽനിന്ന്
തിരുവനന്തപുരം: പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ ട്രെൻഡിങായിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ. “കണ്ടും മിണ്ടിയും ഇരുവർ” എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ ടീസർ വീഡിയോ മോഹൻലാൽ തന്റെ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വീഡിയോ കണ്ടത്.
ജീവിതം, രാഷ്ട്രീയം, ഭരണനിർവഹണം, മുഖ്യമന്ത്രിയുടെ സിനിമാപ്രേമം തുടങ്ങി ഒരുപാട് വിശേഷങ്ങൾ അഭിമുഖത്തിൽ ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ടീസർ. ‘‘എന്റെ സുഹൃത്ത് രഹസ്യമായി പറഞ്ഞു, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന്. അതും ആക്ഷൻ പടം’’– മോഹൻലാലിന്റെ ഈ ചോദ്യത്തിന്. ‘‘ഞാൻ ആക്ഷൻ പടം ഇഷ്ടപ്പെടുന്നയാളാണ്’’ എന്നാണ് ചിരിയോടെ മുഖ്യമന്ത്രി നൽകുന്ന മറുപടി. തന്റെ സിനിമാ ഡയലോഗ് ഏതെങ്കിലും ഓർമയുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ ‘‘ അത് എന്തെല്ലാം... ദിനേശനും ദാസനും ഒക്കെ കിടക്കുകയല്ലേ’’ എന്നും മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ട്. എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം എന്ന് മോഹൻലാൽ പറയുന്നമ്പോൾ മുഖ്യമന്ത്രി കയ്യടിക്കുന്നിടത്താണ് ടീസർ വീഡിയോ അവസാനിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഇഷ്ടങ്ങളിലേക്കും അനുഭവങ്ങളിലേക്കും മോഹൻലാൽ നടത്തുന്ന സഞ്ചാരമാണ് ഈ അഭിമുഖം. വൻ വരവേൽപ്പാണ് ടീസറിന് ലഭിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടുപേരുടെ രസകരവും ഹൃദ്യവുമായ സംസാരം നിരവധിപേർ ഷെയർ ചെയ്തു. "കേരളത്തിൽ വികസന വിപ്ലവം സൃഷ്ടിച്ച ജനനായകനൊപ്പം അഭിനയ വിപ്ലവം തീർത്ത നടനനായകൻ, അഭിമുഖം കാണാൻ വെയ്റ്റിങ്, ഞങ്ങളുടെ സിഎം- ഞങ്ങളുടെ ലാലേട്ടൻ, "- എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അഭിമുഖത്തിന്റെ പൂർണരൂപം വരുംദിവസങ്ങളിൽ ടെലിവിഷൻ ചാനലുകളിലൂടെയും സോഷ്യൽമീഡിയയിലൂടെയും കാണാം.










0 comments