എസി വച്ച ഓട്ടോ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലേൽ വാ... സോഷ്യൽ മീഡിയയിൽ വൈറൽ

വേനൽക്കാലത്തെ കഠിനമായ ചൂടിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് ഏതൊരാൾക്കും വലിയൊരു ബുദ്ധിമുട്ടാണ്. ഈ സമയത്ത് "ഓട്ടോയിൽ എസി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ" എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ അങ്ങനെയൊരു ആഗ്രഹം വെറുതെയാക്കാതെ, യാഥാർഥ്യമാക്കിയ ഒരു ഓട്ടോറിക്ഷയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
പൂർണമായും പ്രവർത്തിക്കുന്ന എയർ കണ്ടീഷണർ (AC) ഘടിപ്പിച്ച ഒരു നീല ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളാണ് ഓൺലൈനിൽ വൈറലായിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലെ തെരുവുകളിലൂടെ ഓടുന്ന ഈ വാഹനം കണ്ടെത്തിയത് ദിപാൻഷി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ്. അവർ പങ്കുവെച്ച ചെറിയ വീഡിയോ ക്ലിപ്പ് വളരെ പെട്ടെന്നാണ് ഇന്റർനെറ്റിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
വേനൽക്കാലത്ത് താപനില പലപ്പോഴും 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരുന്ന ഗുരുഗ്രാം പോലുള്ള തിരക്കേറിയ നഗരങ്ങളിൽ, ദീർഘദൂര യാത്രക്കാർക്ക് ഈ എസി ഓട്ടോ വലിയൊരു ആശ്വാസമാണ്. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ സാധാരണക്കാർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ചതും പുതുമയുള്ളതുമായ ഒരു ബദൽ മാർഗ്ഗമായാണ് എസി ഓട്ടോ വിലയിരുത്തപ്പെടുന്നത്.
നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാവിയിലേക്കുള്ള ഒരു നല്ല സൂചനയായാണ് സോഷ്യൽ മീഡിയ ഈ 'അപ്ഡേറ്റഡ്' ഓട്ടോയെ വിശേഷിപ്പിക്കുന്നത്. ചില ലക്ഷ്വറി കാറുകളേക്കാൾ സുഖകരമായ യാത്രയാണ് ഈ വാഹനം നൽകുന്നതെന്ന് പലരും തമാശയായി കമന്റ് ചെയ്യുന്നുണ്ട്. സ്വന്തം നാട്ടിലും ഇത്തരം ഓട്ടോകൾ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ പ്രശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.
എന്തായാലും സംഭവം കൊള്ളാമല്ലേ? കേരളത്തിൽ ഇത്തരം വെറൈറ്റി അപ്ഡേഷൻസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ കമന്റ് ചെയ്യൂ...









0 comments