"ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോൾ ഹാലിളകി"; മാങ്കൂട്ടത്തിലിന് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

വി ശിവൻകുട്ടി, രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ചേർന്നതിന്റെ പേരിൽ തന്നെ അവഹേളിക്കും വിധം ഫേസ്ബുക്ക് പോസ്റ്റിട്ട, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 'സംഘിക്കുട്ടി' എന്നാണ് മന്ത്രിയെ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചത്. എന്നാൽ യുവതികളെ ഗർഭഛിദ്രത്തിന് വിധേയരാക്കുകയും ഗർഭസ്ഥശിശുവിനെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുള്ള, മാങ്കൂട്ടത്തിലിനെതിരായ പരാതി ഓർമിപ്പിക്കുംവിധമാണ് മന്ത്രി മറുപടി നൽകിയത്. "ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്"- ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവതിയെ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതിന്റെയും വധഭീഷണി മുഴക്കുന്നതിന്റെയും ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ഇന്നേവരെ പ്രതികരിക്കാൻ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ല. 18 മുതൽ 60 വയസുവരെ പ്രായമുള്ള നിരവധിപേർ മാങ്കൂട്ടത്തിലിന്റെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളായെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിട്ടുണ്ട്.










0 comments