‘ശരീരത്തിൽ മുറിവേൽപ്പിക്കാം, രാഷ്ട്രീയ ബോധ്യങ്ങളെ തകർക്കാനാവില്ല’; എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് എം സുജിൻ

മലപ്പുറം: എത്ര വേട്ടയാടിയാലും തങ്ങള് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ബോധ്യങ്ങളെ തകർക്കാനാവില്ലെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് എം സുജിൻ. ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയെങ്കിലും എസ്എഫ്ഐ പ്രവർത്തകർക്കെതിരായ വേട്ടയാടൽ തുടരുകയാണെന്ന് സുജിൻ കുറിച്ചു. നിരവധി പ്രവർത്തകർ ഇപ്പോഴും ജയിലിലാണ്. വീടുകളിൽ പൊലീസ് നിരന്തരം കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണ്. കള്ളക്കേസുകളിൽ കുടുക്കി കൂടുതൽ പ്രവർത്തകരെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളും തുടരുന്നു. എന്നാൽ, ഇത്തരം സമ്മർദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുന്നതല്ല തങ്ങളുടെ രാഷ്ട്രീയമെന്നും ഒരടി പോലും പിന്നോട്ടില്ലെന്നും സുജിൻ വ്യക്തമാക്കി. കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പരിക്കേറ്റ് 12 ദിവസം ആശുപത്രിയിലായിരുന്നു സുജിൻ.
സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയശേഷം സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ സന്ദർശിക്കാൻ ചേളാരിയിലെ ആശുപത്രിയിലെത്തിയപ്പോഴാണ് എംഎസ്എഫ് പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആശുപത്രിയിലെ കാഷ്വാലിറ്റിക്കുള്ളിൽവെച്ച് ജില്ലാ സെക്രട്ടറി ആദിൽ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സുജിന് ശസ്ത്രക്രിയകൾ വേണ്ടിവന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇഎംഎസ് സഹകരണ ആശുപത്രിയിൽ 12 ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ആശുപത്രിവാസത്തിനിടെ പരിചരിച്ച ആരോഗ്യപ്രവർത്തകർക്കും ഒപ്പംനിന്ന നേതാക്കൾക്കും പ്രവർത്തകർക്കും സുജിൻ നന്ദി അറിയിച്ചു. ശരീരത്തിലെ മുറിവുകൾ ഭേദമായാലും അനീതിക്കെതിരായ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഞങ്ങളുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കാനായേക്കാം. പക്ഷേ, ഞങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളെയോ നിലപാടുകളെയോ തകർക്കാനാവില്ല. ജയിലറകളും കള്ളക്കേസുകളും ഭീഷണികളും കൊണ്ട് തളർത്താനാവാത്ത രാഷ്ട്രീയ ബോധ്യത്തിന്റെ പേരാണ് എസ്.എഫ്.ഐ. കാലിക്കറ്റ് സർവകലാശാലയിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾക്കുണ്ടായ ആക്രമണവും അതിനുശേഷം തുടരുന്ന വേട്ടയാടലും ഈ ബോധ്യത്തെ കൂടുതൽ ഉറപ്പിക്കുകയാണ് ചെയ്തത്.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ കാലിക്കറ്റ് സർവകലാശാലയിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് സംഘർഷങ്ങളിൽ പരിക്കേറ്റ സഖാക്കളെ സന്ദർശിക്കാൻ ഞങ്ങൾ ചേളാരി ആശുപത്രിയിലെത്തിയത്. എന്നാൽ, ആശുപത്രിയിലെ കാഷ്വാലിറ്റിക്കുള്ളിൽവെച്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കുനേരെ എം.എസ്.എഫ് പ്രവർത്തകർ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. തലക്കേറ്റ അടിയുൾപ്പെടെ ഗുരുതരമായ പരിക്കുകളാണ് എനിക്കുണ്ടായത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഞങ്ങളെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. അവിടെ ആവശ്യമായ ചികിത്സ നൽകിയശേഷം ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കും കാലിനും മൂക്കിന്റെ എല്ലിനുമേറ്റ പരിക്കുകൾക്ക് ശസ്ത്രക്രിയകൾ വേണ്ടിവന്നു. കൈയ്ക്കും കാലിനും പ്ലാസ്റ്ററിട്ടു. രണ്ടു മുറികളിലായിട്ടായിരുന്നു ഞങ്ങളുടെ ചികിത്സ. ഒരു മുറിയിൽ ഞാനും തൊട്ടടുത്ത മുറിയിൽ ജില്ലാ സെക്രട്ടറി ആദിലും. ശാരീരികമായ വേദനകളും ചികിത്സയുടെ പ്രയാസങ്ങളും നിറഞ്ഞ പന്ത്രണ്ട് ദിവസങ്ങൾ.
എന്നാൽ, ആ ദിവസങ്ങളെ അതിജീവിക്കാൻ ഞങ്ങൾക്ക് കരുത്തായത് ചുറ്റുമുണ്ടായിരുന്ന മനുഷ്യരുടെ സ്നേഹവും കരുതലുമായിരുന്നു. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ, ഞങ്ങളെ കാണാനെത്തിയ പാർട്ടിയുടെ മുതിർന്ന നേതാക്കൾ, പാർട്ടി പ്രവർത്തകർ, എസ്.എഫ്.ഐ സഖാക്കൾ... ചികിത്സയുടെ പന്ത്രണ്ട് ദിവസവും ഒരു കുറവുമില്ലാതെ എന്നെ പരിചരിച്ച പെരിന്തൽമണ്ണയിലെ പ്രിയപ്പെട്ട സഖാക്കൾ... ഓരോരുത്തരോടും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും.
ആശുപത്രിവാസത്തിന്റെ ആ ദിവസങ്ങൾ സഖാക്കൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും പരസ്പര കരുതലിന്റെയും ആഴം അനുഭവിച്ചറിഞ്ഞ കാലം കൂടിയായിരുന്നു.
എന്നാൽ, ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയതുകൊണ്ട് ഞങ്ങളുടെ പ്രതിസന്ധികൾ അവസാനിച്ചില്ല. ശരീരത്തിലെ മുറിവുകൾ ഉണങ്ങിത്തുടങ്ങിയപ്പോഴും സഖാക്കൾക്കെതിരായ വേട്ടയാടൽ തുടരുകയാണ്. നിരവധി സഖാക്കൾ ഇന്നും ജയിലിലാണ്. നിരവധി സഖാക്കളുടെ വീടുകളിൽ പോലീസ് നിരന്തരം കയറിയിറങ്ങുന്നു. ഭീഷണിപ്പെടുത്തുന്നു. കൂടുതൽ സഖാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ശരീരത്തിൽ മുറിവേൽപ്പിച്ച ആക്രമണത്തിന് പിന്നാലെ, അതിനെതിരെ നിലകൊള്ളുന്നവരെ നിയമനടപടികളുടെയും ഭീഷണികളുടെയും പേരിൽ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. പക്ഷേ, ഇത്തരം സമ്മർദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം. അനീതിക്കെതിരെ ശബ്ദമുയർത്താനും അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും പഠിപ്പിച്ച പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ, പ്രതിസന്ധികൾക്കു മുന്നിൽനിന്ന് ഒളിച്ചോടാനാവില്ല.
തലയിൽ മുറിവേൽപ്പിക്കാം, കൈകാലുകൾ തകർക്കാം, സഖാക്കളെ ജയിലിലടയ്ക്കാം, വീടുകളിൽ കയറിയിറങ്ങി ഭീഷണിപ്പെടുത്താം. പക്ഷേ, ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ബോധ്യങ്ങളെ അതുകൊണ്ടൊന്നും തകർക്കാനാവില്ല. കാരണം, ഞങ്ങളുടേത് സമരസപ്പെടാത്ത ജീവിതമാണ്. മുറിവുകൾ ഭേദമായേക്കാം, ശസ്ത്രക്രിയകളുടെ പാടുകൾ അവശേഷിച്ചേക്കാം. എന്നാൽ, അനീതിക്കെതിരായ നിലപാടുകളിൽ വിട്ടുവീഴ്ചയില്ല.








0 comments