Deshabhimani

ഓഫീസിന്‌ മുൻ നേതാവിന്റെ പേരിടാൻ 20 ലക്ഷം ചോദിച്ചു; കാസർകോട്‌ കോൺഗ്രസ്‌ കമ്മിറ്റിയിൽ പൊട്ടിത്തെറി

Congress fight.jpg
avatar
സ്വന്തം ലേഖകൻ

Published on Nov 15, 2026, 09:52 PM | 1 min read

കാസർകോട്‌: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയിൽ 20 ലക്ഷത്തിന്റെ കോഴ ആരോപണം. ഡിസിസി ആസ്ഥാനത്തെ ഹാളിന്‌ ഐ രാമറൈയുടെ പേരിടാൻ, മകൻ സുബ്ബയ്യാറൈയോട്‌ ഡിസിസി പ്രസിഡിന്റ്‌ പി കെ ഫൈസൽ 20 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നാണ്‌ ആരോപണം. മുൻ എംപിയും സമുന്നത കോണഗ്രസ്‌ നേതാവുമായ പിതാവിനെ അപമാനിച്ചതിൽ തനിക്ക്‌ മനോവിഷമം ഉണ്ടായെന്നുകാട്ടി കെപിസിസി സെക്രട്ടറികൂടിയായ സുബ്ബയ്യാറൈയാണ്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്‌ പരാതി നൽകിയത്‌. ഫൈസൽ സാമ്പത്തികനേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുന്നയാളാണെന്ന്‌ പരാതിയിൽ പറഞ്ഞു.

ഡിസിസി ഓഫീസിന്റെ മൂന്നാം നിലയ്‌ക്ക്‌ രാമറൈയുടെ പേരിടാനാണ്‌ 20 ലക്ഷം ചോദിച്ചത്‌.ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ആറുമാസം മുന്പാണ്‌ ഫോണിൽ പണം ആവശ്യപ്പെട്ടത്‌. രാമറൈയുടെ സ്മരണയ്ക്കായി മൂന്നാംനില സമർപ്പിക്കാമെന്നും അതിനാണ്‌ പണമെന്നുമാണ്‌ പറഞ്ഞത്‌. രാമറൈയെപോലുള്ള ഉന്നത കോൺഗ്രസ് നേതാവിനെ ഇകഴ്‌ത്തികാണിക്കുന്ന ശ്രമമാണ്‌ ഇപ്പോൾ നടക്കുന്നത്‌. പി കെ ഫൈസലിന്റെ രീതിയിൽ തനിക്ക് വ്യക്തിപരമായി വേദനയുണ്ട്‌– കത്തിൽ പറയുന്നു.

എന്നാൽ സുബ്ബയ്യറൈയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ഫോണിൽ വിളിക്കുകയോ രാമറൈയുടെ പേരിൽ കെട്ടിടം പണിയാമെന്ന് പറയുകയോചെയ്തിട്ടില്ലെന്നും പി കെ ഫൈസൽ പറഞ്ഞു.

വിഷയത്തിൽ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയും രംഗത്തെത്തി. രാമറൈ കാസർകോട്ട് കോൺഗ്രസിനെ കെട്ടിപ്പടുത്ത വ്യക്തിയുമാണെന്നും അദ്ദേഹത്തിന്റെ സ്മാരകത്തിനായി പണം ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. ഇനിയും കൂടുതൽ പരാതികൾ പുറത്തുവരും. സുബ്ബയ്യറൈയോട്‌ സംസാരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home