Deshabhimani

പൊതുവിദ്യാഭ്യാസവും സംഘപരിവാറിന് അടിയറവച്ച് സതീശൻ സർക്കാർ

vdms mayilpeeli
വെബ് ഡെസ്ക്

Published on Nov 15, 2026, 10:09 PM | 2 min read

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനൊപ്പം പൊതുവിദ്യാഭ്യാസവും പൂർണമായും സംഘപരിവാറിന്‌ അടിയറവയ്ക്കാൻ നീക്കങ്ങൾ സജീവമാക്കി വി ഡി സതീശൻ സർക്കാർ. ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക്‌ സ്‌കൂളുകളിൽ അനുമതി നൽകിയതാണ്‌ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണ ദാസ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം.


സംഘപരിവാർ അനുകൂല സംഘടനയായ ബാലഗോകുലത്തിന്റെ 'മയിൽപ്പീലി' മാസികയും ആർഎസ്എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും ചേർന്ന് നടത്തുന്ന യങ് സ്കോളർ എക്സാം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകി.


സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്കൂളുകളിലെ യുപി, ഹൈസ്കൂൾ തല വിദ്യാർഥികൾക്കായി ഈ പരീക്ഷ നടത്താൻ അനുമതി നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്‌ മാസങ്ങൾക്ക്‌ മുമ്പ്‌ ഉത്തരവിറക്കിയത്‌.


ദേശീയ അധ്യാപക പരിഷത്തിന്റെ അപേക്ഷയിലാണ് അനുമതി. ബാലഗോകുലം പ്രസിദ്ധീകരണമായ 'മയിൽപ്പീലി' മാസികയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷ.


പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ അനുമതി റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ്‌ തടിയൂരി. ഉത്തരവിന്റെ കാര്യം അറിഞ്ഞതേയില്ലെന്നാണ്‌ മുസ്ലിംലീഗുകാരനായ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞത്‌.


2026 ആഗസ്തില്‍ കാസർകോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എൽപി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസിൽ, ബ്രിട്ടീഷുകാരിൽനിന്ന് "ഏറ്റവും കഠിനമായ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി" എന്ന നിലയിൽ വി ഡി സവർക്കറെക്കുറിച്ച്‌ ചോദ്യമുണ്ടായത്‌ വിവാദമായിരുന്നു. അക്കാര്യത്തിലും അറിഞ്ഞില്ലെന്ന മുടന്തൻ ന്യായവുമായി ഷംസുദ്ദീൻ തടിയൂരി.


പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ദേശീയ അധ്യാപക ഫൗണ്ടേഷന്റെ സംസ്ഥാന സമിതി യുഡിഎഫ്‌ സർക്കാർ പുനഃസംഘടിപ്പിച്ചപ്പോൾ സംഘപരിവാർ സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ പ്രമുഖ നേതാവിനെ കൂടി ഉൾപ്പെടുത്തി. കാവിവൽക്കരണത്തിന്‌ വഴിയൊരുക്കാനുള്ള നടപടികൾ ശക്തമാക്കാനാണിത്‌. സ്‌കൂൾ സിലബസ്‌ നിശ്ചയിക്കുന്ന എസ്‌സിഇആർടി, ശിക്ഷക് സദൻ ഭരണസമിതികളിലേക്കും ആർഎസ്എസുകാരെ തിരുകിക്കയറ്റുകയും ചെയ്തു.


ഈ കാര്യങ്ങൾ ഒരിക്കലും യാദൃച്ഛികമല്ല. വിദ്യാഭ്യാസ കാവിവൽക്കരണത്തിനായി ബിജെപി സർക്കാർ രൂപംകൊടുത്ത പുതിയ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാൻ നടപടികൾ തുടങ്ങിയതിന്റെ ഭാഗമാണ്‌ സംഘപരിവാറിന്‌ സ്‌കൂളുകളിൽ കടന്നുകയറാൻ സാഹചര്യം ഒരുക്കിക്കൊടുക്കുന്നത്‌.


പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രം, ഗുജറാത്ത് കലാപം, ഗാന്ധിവധം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഇന്ത്യയിൽ ആദ്യമായി 11, 12 ക്ലാസുകളിലെ കുട്ടികൾക്കായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ അഡീഷണൽ പുസ്തകങ്ങൾ പുറത്തിറക്കി പ്രതിരോധം തീർത്തിരുന്നു. എന്നാൽ, യുഡിഎഫ്‌ സർക്കാർ എല്ലാ മാറ്റത്തിനും വഴങ്ങിക്കൊടുക്കുകയാണ്‌. പാഠപുസ്തകഭാരം കുറയ്ക്കാനെന്ന വ്യാജേന ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം, പീരിയോഡിക് ടേബിൾ, ജനാധിപത്യം, മതേതരത്വം, സാമൂഹ്യ പ്രസ്ഥാനങ്ങൾ, ഫെഡറലിസം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ വെട്ടിക്കുറച്ച് സംഘപരിവാറിന്‌ എല്ലാ പിന്തുണയും നൽകുകയാണ്‌ സതീശനും സംഘവും.


വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീ അറബിക്കടലിൽ എറിയുമെന്ന്‌ പറഞ്ഞ്‌ അധികാരമേറിയവരാണ്‌. ഇന്ന്‌ കാവിക്കടലിലെ എല്ലാ മാലിന്യങ്ങളും സ്വീകരിക്കാൻ ഒരു മടിയും കാണിക്കുന്നില്ലെന്നു മാത്രമല്ല, അമിത താൽപ്പര്യവുമാണ്‌.


വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ (സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യ അധികാരം) ഉള്ളതാണെങ്കിലും ഇന്ന്‌ സംസ്ഥാനങ്ങളുടെ അധികാരം കവർന്ന്‌ തങ്ങൾക്ക്‌ താൽപ്പര്യമുള്ള വർഗീയവിഷം ചീറ്റുന്ന കരിക്കുലം അടിച്ചേൽപ്പിക്കുകയാണ്‌ കേന്ദ്രം. ഇതിനുള്ള അച്ചാരം വാങ്ങിയ മട്ടിലാണ്‌ വി ഡി സതീശൻ പ്രവർത്തിക്കുന്നത്‌. അധികാരത്തിന്റെ അപ്പക്കഷണത്തിനായി അതിനെല്ലാം റാൻ മൂളുകയാണ്‌ മുസ്ലിംലീഗ്‌. ഇഡിയെ പേടിയും അവർക്കുണ്ടെന്ന്‌ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home