Deshabhimani

മുഴുവൻ തുകയും നൽകി പകുതി ബെർത്ത്; ആർഎസി സംവിധാനത്തിൽ മാറ്റം വരുമോ?

rac railway
വെബ് ഡെസ്ക്

Published on Nov 15, 2026, 08:41 PM | 1 min read

ന്യൂഡൽഹി: ടിക്കറ്റിന് മുഴുവൻ പണം നൽകണം. എന്നാൽ ട്രെയിനിൽ കയറിയാൽ കിടന്നുറങ്ങാൻ സ്വന്തമായി ഒരു ബെർത്ത് പോലും ലഭിക്കണമെന്നില്ല. റെയിൽവേയുടെ ആർഎസി (Reservation Against Cancellation) സംവിധാനത്തിൽ യാത്രക്കാർ വർഷങ്ങളായി നേരിടുന്ന പ്രതിസന്ധിയാണിത്. ഈ രീതിക്ക് മാറ്റം വരുത്തുന്നത് റെയിൽവേയുടെ പരിഗണനയിൽ. ആർഎസി സംവിധാനം പൂർണമായി ഒഴിവാക്കുകയോ നിലവിലെ വ്യവസ്ഥകൾ പരിഷ്കരിക്കുകയോ ചെയ്യാനാണ് ആലോചന. മുഴുവൻ നിരക്കും ഈടാക്കിയിട്ടും യാത്രക്കാർക്ക് പൂർണമായ സൗകര്യം നൽകാത്തത് ന്യായീകരിക്കാനാകില്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.


ആർഎസി ടിക്കറ്റുള്ളവർക്ക് ട്രെയിനിൽ യാത്ര ചെയ്യാമെങ്കിലും പ്രത്യേകം ബെർത്ത് ഉറപ്പില്ല. മറ്റൊരു ആർഎസി യാത്രക്കാരനുമായി ബെർത്ത് പങ്കിടേണ്ടിവരും. മറ്റ് യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുമ്പോഴാണ് പ്രത്യേക ബെർത്ത് ലഭിക്കാൻ അവസരമൊരുങ്ങുന്നത്. ദീർഘദൂര രാത്രിയാത്രകളിൽ ഈ സംവിധാനം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.


പരസ്പരം പരിചയമില്ലാത്ത രണ്ടുപേർക്ക് ഒരേ ബെർത്ത് പങ്കിടേണ്ടിവരുന്നതും പ്രശ്നമാണ്. ഒഴിവുള്ള ബെർത്തുകൾ ലഭ്യമല്ലെങ്കിൽ ടിക്കറ്റ് പരിശോധകർക്കും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയാറില്ല. പൂർണമായ ഉറങ്ങാനുള്ള സൗകര്യം ലഭിക്കാത്ത യാത്രക്കാരിൽനിന്ന് മുഴുവൻ നിരക്ക് ഈടാക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായം റെയിൽവേയ്ക്കുള്ളിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.


ആർഎസി യാത്രക്കാരിൽനിന്ന് മുഴുവൻ നിരക്ക് ഈടാക്കുന്നതിനെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ചോദ്യം ചെയ്തിരുന്നു. 2026 ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സമിതി വിഷയം ഉന്നയിച്ചത്. ചാർട്ട് തയ്യാറാക്കിയശേഷവും ആർഎസി പട്ടികയിൽ തുടരുകയും പ്രത്യേക ബെർത്ത് ലഭിക്കാതിരിക്കുകയും ചെയ്യുന്ന യാത്രക്കാരിൽനിന്ന് മുഴുവൻ നിരക്ക് ഈടാക്കുന്നത് ന്യായമല്ലെന്ന് സമിതി വിലയിരുത്തി.


ഇത്തരത്തിൽ പ്രത്യേക ബെർത്ത് ലഭിക്കാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം തിരികെ നൽകാനുള്ള സംവിധാനം തയ്യാറാക്കണമെന്നും പാർലമെന്ററി സമിതി റെയിൽവേ മന്ത്രാലയത്തോട് നിർദേശിച്ചു.


ആർഎസി സംവിധാനം പൂർണമായി നിർത്തലാക്കുമോ, അതോ നിരക്കിലും ബെർത്ത് അനുവദിക്കുന്ന രീതിയിലും മാറ്റം വരുത്തുമോ എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home