'എന്താണ് ഇത്രമാത്രം കത്രിക വയ്ക്കാനുള്ളത് എന്ന് മനസിലാവുന്നില്ല': സെൻസറിങ്ങിൽ അതൃപ്തി രേഖപ്പെടുത്തി സന്തോഷ് ടി കുരുവിള

ഹാൽ സിനിമയ്ക്കുമേലുള്ള സെൻസറിങ്ങിൽ അതൃപ്തി രേഖപ്പെടുത്തി നിർമാതാവ് സന്തോഷ് ടി കുരുവിള. സിനിമയുടെ മേൽ ഇത്രയധികം കത്രികവയ്ക്കാൻ എന്താണുള്ളതെന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോടികൾ മുടക്കി ഉണ്ടാക്കുന്ന ചിത്രങ്ങളിൽ കട്ടിങ്ങും ഷേവിങ്ങും നടത്തുന്നു. ഇത് അങ്ങേയറ്റം സങ്കടകരമാണ്. ഒരു ദാക്ഷണ്യവുമില്ലാത്ത ഈ സെൻസറിങ്ങിന്റെ പ്രസക്തി എന്താണെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
"ഹാൽ " എന്ന ഷെയ്ൻ നിഗം ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നത് ഇപ്പോൾ കണ്ടു !
സെൻസർ നൂലാമാലകളിൽ പെട്ട് സിനിമ റിലീസ് തീയതി പ്രഖ്യാപിയ്ക്കാൻ കഴിയുന്നില്ല .
ഞാൻ ആ സിനിമ കണ്ടതാണ് !
ബൾട്ടിയോടൊപ്പം എത്താനിരുന്നതുകൊണ്ടു തന്നെ അതിൻ്റെ നിർമ്മാതാവിൻ്റെ താൽപര്യപ്രകാരം കണ്ടെതാണ് ,
വളരെ നല്ലൊരു പടമാണത് , സിനിമ തെരെഞ്ഞെടുത്തിരിയ്ക്കുന്നത് വളരെ പ്രസക്തിയുള്ള ഒരു സാമൂഹിക വിഷയമാണ് , ആനുകാലിക രാഷ്ട്രീയത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു പ്ളോട്ടാണ് ആ ചിത്രത്തിനുള്ളത്.
എന്താണ് അതിൻമേൽ ഇത്ര മാത്രം കത്രിക വെയ്ക്കാനുള്ളത് എന്ന് ഇനിയും മനസ്സിലാവുന്നില്ല , ഈ നാട്ടിലെ ഫിലിം മേക്കേഴ്സിനെ ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ പറയാൻ അനുവദിയ്ക്കണം എന്ന് തന്നെയാണ് എനിയ്ക്ക് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥ്യയ്ക്കാനുള്ളത് .
ഞാനടക്കമുള്ള നിർമ്മാതാക്കൾ വളരെയധികം ആശങ്കയിലാണ് , ഷൂട്ട് തീർന്നതിനു ശേഷമാവും കോടികൾ മുടക്കിയെടുത്ത ഒരു ചിത്രത്തിനുമേൽ കട്ടിംഗും ഷേവിംഗും നടത്താൻ നിർബന്ധിതമാവുന്നത് , വളരെ സങ്കടകരമാണ് ഈ അവസ്ഥ !
സാങ്കേതിക വിദ്യ ഇത്രമേൽ വികസിച്ച ഈ കാലത്ത് , കാലദേശഭേദമെന്യേ " കണ്ടൻറുകൾ " ഇങ്ങനെ കുത്തിയൊഴുകുന്ന കാലത്ത് എന്താണ് ഈ ദാക്ഷണ്യമില്ലാത്ത സെൻസറിംഗിൻ്റെ പ്രസക്തി എന്ന് മനസ്സിലാവുന്നില്ല .
വിമർശനങ്ങളോ , കടുത്ത വിമർശനങ്ങളോ ഇനി അതിരറ്റ വിമർശനങ്ങളോ ഒന്നും ഈ രാജ്യത്തിൻ്റെ സംസ്കാരത്തേ യോ ഭദ്രതയേയോ ഒന്നും ബാധിയ്ക്കാൻ പോവുന്നില്ല എന്നതല്ലേ യാഥാർത്ഥ്യം ?
നിൽക്കേണ്ടത് നിൽക്കും അല്ലാത്തത് മാഞ്ഞ് പോവും അതാണല്ലോ നമ്മുടെ ചരിത്രം !
സിനിമയുടെ മേലുള്ള ഈ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം തന്നെയാണ് ,
ഹാൽ എന്ന ചിത്രം യാതൊരു വിധ മുറിവുകളുമേൽക്കാതെ പുറത്തിറങ്ങേണ്ടത് എല്ലാ കലാ സ്നേഹികളുടേയും ആഗ്രഹമാണ്.
ഈ സാഹചര്യത്തോട് പ്രതിഷേധിയ്ക്കുന്നു .









0 comments