മുഖത്ത് നാല് കണ്ണും രണ്ട് ചുണ്ടും; പ്രതിഷേധക്കാർക്ക് വ്യത്യസ്ത മേക്കപ്പ് വിദ്യയുമായി നടി റിച്ച ഛദ്ദ

മുംബൈ: പ്രതിഷേധത്തിന് പോകുമ്പോൾ മുഖത്ത് രണ്ട് കണ്ണുകൾ കൂടി വരച്ചാലോ? ചുണ്ടുകളുടെ എണ്ണം കൂട്ടിയാലോ? കേൾക്കുമ്പോൾ വിചിത്രമായി തോന്നാം. പക്ഷേ പ്രതിഷേധക്കാരെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന നിരീക്ഷണ ക്യാമറകളെ ആശയക്കുഴപ്പത്തിലാക്കാൻ ഇങ്ങനെയൊരു മേക്കപ്പ് പരീക്ഷണം നിർദേശിച്ചിരിക്കുകയാണ് ബോളിവുഡ് താരം റിച്ച ഛദ്ദ.
പ്രതിഷേധക്കാരുടെ അനുവാദമില്ലാതെ അവരെ ചിത്രീകരിക്കുന്നതിലും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ആശങ്ക ഉയരുന്നതിനിടെയാണ് താരത്തിന്റെ വ്യത്യസ്തമായ ഐഡിയ. എക്സിലൂടെയാണ് റിച്ച ഛദ്ദ മേക്കപ്പ് ടിപ്പുകൾ പങ്കുവച്ചത്.
മുഖത്ത് അധികമായി കണ്ണുകൾ വരയ്ക്കുക, മറ്റൊരു ജോഡി ചുണ്ടുകൾ സൃഷ്ടിക്കുക, വിവിധ നിറങ്ങളിൽ ചിത്രങ്ങളും പാറ്റേണുകളും വരയ്ക്കുക തുടങ്ങിയവയാണ് താരം നിർദേശിക്കുന്നത്. മുഖത്തിന്റെ സ്വാഭാവിക രൂപം മാറ്റുന്നതിലൂടെ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾക്ക് ആളുകളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കാമെന്ന ആശയമാണ് ഇതിനു പിന്നിൽ.
എന്നാൽ മേക്കപ്പിൽ മാത്രം ഒതുങ്ങുന്നില്ല താരത്തിന്റെ ഉപദേശം. പ്രതിഷേധത്തിന് എത്തുന്ന സ്ത്രീകൾ പെപ്പർ സ്പ്രേ കരുതണമെന്നും സുരക്ഷയിൽ ശ്രദ്ധിക്കണമെന്നും റിച്ച ഛദ്ദ നിർദേശിച്ചു. ആവശ്യത്തിന് വെള്ളം കുടിക്കാനും ആത്മവിശ്വാസത്തോടെ നിലകൊള്ളാനും അവർ ഓർമിപ്പിച്ചു.
ഭീഷണിപ്പെടുത്തുന്നവർ ഭീരുക്കളാണെന്നും പ്രതിഷേധക്കാർ നിശ്ശബ്ദരാകരുതെന്നും റിച്ച ഛദ്ദ പറഞ്ഞു. അതേസമയം പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും അക്രമത്തിലേക്ക് കടക്കരുതെന്നും താരം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ചിത്രീകരിക്കുന്നതും നിരീക്ഷണ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതും സംബന്ധിച്ച സ്വകാര്യതാ ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്.









0 comments