കെ വി സുധീഷ്... കാലമെത്ര കഴിഞ്ഞാലും മായാത്ത പോരാട്ടത്തിന്റെ പ്രതീകം

തിരുവനന്തപുരം: കെ വി സുധീഷിന്റെ രക്തസാക്ഷി ദിനത്തിൽ ഓർമകൾ പങ്കുവെച്ച് സ്പീക്കർ എ എൻ ഷംസീർ. എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന കെ വി സുധീഷിനെ 1994 ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് മാതാപിതാക്കളുടെ മുൻപിൽ വെച്ച് ആർഎസ്എസ് ക്രിമിനലുകൾ കൊലചെയ്തത്. അധികാരത്തിനും വർഗീയതയ്ക്കും എതിരെ ശബ്ദമുയർത്തുന്ന ഓരോ യുവത്വത്തിനും കെ വി സുധീഷ് ഇന്നും ഒരു കരുത്താണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ രാജ്യത്ത് ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സുധീഷിന്റെ സ്മരണകൾ നമ്മുടെ പോരാട്ടങ്ങൾക്ക് കരുത്ത് പകരട്ടെയെന്നും സ്പീക്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രം കെ വി സുധീഷ് രക്തസാക്ഷിത്വം വരിച്ചിട്ട് 32 വർഷങ്ങൾ തികയുകയാണ്. ഫാസിസത്തിനെതിരായ പോരാട്ടവീഥികളിൽ എന്നും ആവേശം പകരുന്ന പേരാണ് സഖാവ് സുധീഷിന്റേത്. എസ്എഫ്ഐ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന സുധീഷ്, തന്റെ പ്രസംഗപാടവം കൊണ്ടും സംഘടനാ മികവുകൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച നേതാവായിരുന്നു. 1994 ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തെ നടുക്കികൊണ്ട് കൂത്തുപറമ്പിലെ സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ മുൻപിൽ വെച്ച് കെ വി സുധീഷ് സംഘപരിവാരിനാൽ ക്രൂരമായി കൊല്ലപ്പെടുന്നത്.
അധികാരത്തിനും വർഗീയതയ്ക്കും എതിരെ ശബ്ദമുയർത്തുന്ന ഓരോ യുവത്വത്തിനും കെ വി സുധീഷ് ഇന്നും ഒരു കരുത്താണ്. സുധീഷിന്റെ മാതാപിതാക്കളുടെ കണ്മുന്നിൽ ചിതറിത്തെറിച്ച രക്തത്തുള്ളികൾ പിൽക്കാലത്ത് ആയിരക്കണക്കിന് പോരാളികൾക്ക് കരുത്തായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ രാജ്യത്ത് ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സുധീഷിന്റെ സ്മരണകൾ നമ്മുടെ പോരാട്ടങ്ങൾക്ക് കരുത്ത് പകരട്ടെ..










0 comments