പാഴ്സൽ തുറന്ന റാപ്പിഡോ ഡ്രൈവർ ഞെട്ടി; യുവതി കൊടുത്തയച്ചത് വീട്ടിലെ മാലിന്യം

ഓൺലൈൻ ഡെലിവറി സേവനങ്ങളെ വിചിത്രമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്ത കേട്ട് നെറ്റിചുളിക്കുകയാണ് നെറ്റിസൺസ്. റാപ്പിഡോ വഴി സാധനങ്ങൾ അയക്കുന്ന പാർസൽ സർവീസ് ബുക്ക് ചെയ്ത ഒരു യുവതി, ഡെലിവറി ബോയിയെകൊണ്ട് ചെയ്യിപ്പിച്ചത് കേട്ടാൽ ആരും അമ്പരന്നുപോകും. ഒരു പെട്ടി നിറയെ വീട്ടിലെ പാഴ്‍വസ്തുക്കളും മാലിന്യങ്ങളും നിറച്ച് അയച്ച യുവതിയുടെ നടപടിയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.
ലൊക്കേഷനിലെത്തിയ ഡ്രൈവർക്ക് യുവതി ഭദ്രമായി സീൽ ചെയ്ത ഒരു കാർഡ്ബോർഡ് പെട്ടി കൈമാറി. പണം ഓൺലൈനായി നൽകിയിട്ടുണ്ടെന്ന് അറിയിച്ച യുവതി സാധനം കൃത്യസ്ഥലത്ത് എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഡ്രൈവർ ഡെലിവറി ലൊക്കേഷനിൽ എത്തിയപ്പോൾ കണ്ടത് ഒരു വലിയ മാലിന്യക്കൂമ്പാരമാണ്. ആർക്കാണ് പാഴ്സൽ കൈമാറേണ്ടതെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ ഡ്രൈവർ യുവതിയെ ഫോണിൽ വിളിച്ചു. അവിടെ ആരെയും കാണുന്നില്ലല്ലോ എന്ന് ചോദിച്ച ഡ്രൈവറോട്, "അതവിടെ എറിഞ്ഞേക്കൂ, അതിൽ വെറും വേസ്റ്റ് ആണ്" എന്നായിരുന്നു യുവതിയുടെ കൂളായ മറുപടി.
യുവതിയുടെ മറുപടി കേട്ട് അമ്പരന്ന ഡ്രൈവർ, "അവസാനം നമ്മൾ മറ്റുള്ളവരുടെ മാലിന്യം ചുമക്കുന്ന അവസ്ഥയിൽ വരെ എത്തിയല്ലേ" എന്ന് ചിരിച്ചുകൊണ്ട് പറയുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാണ്.
'ഇത് ബുദ്ധിയല്ല, അഹങ്കാരമാണ്' എന്നാണ് പലരും കുറിച്ചത്. ഒരു വ്യക്തിയുടെ അധ്വാനത്തെ ഇത്രയധികം പുച്ഛത്തോടെ കാണുന്നത് ശരിയല്ലെന്നും, കേവലം 30-50 രൂപയ്ക്ക് ഒരാളെക്കൊണ്ട് സ്വന്തം വീട്ടിലെ മാലിന്യം ചുമപ്പിക്കുന്നത് അന്തസ്സില്ലായ്മയാണെന്നും ചിലര്‍ പറയുന്നു. 'സൗകര്യം എന്നത് മറ്റൊരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാകരുത്' എന്നായിരുന്നു ഒരാളുടെ കമന്റ്.
എന്നാൽ ഇതൊരു വമ്പൻ 'ജുഗാഡ്' (കുറുക്കുവഴി) ആയിപ്പോയി എന്ന് തമാശ രൂപേണ പറയുന്നവരും കുറവല്ല. സാങ്കേതികവിദ്യ ജീവിതം എളുപ്പമാക്കാൻ വേണ്ടിയാണെങ്കിലും, അത് മറ്റുള്ളവരെ അപമാനിക്കാനുള്ള ആയുധമാക്കരുത് എന്ന ഗൗരവകരമായ ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
ഒരു ഡെലിവറി പങ്കാളിയെ മാലിന്യം നീക്കം ചെയ്യാനുള്ള ജോലിക്കാരനായി കാണുന്നത് അധ്വാനത്തോടുള്ള അനാദരവാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം.










0 comments