'വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം ഇപ്പൊ മനസിലായി'! ശിശുമരണനിരക്ക് പരാമർശത്തിൽ രാജീവ് ചന്ദ്രശേഖരന് ട്രോൾമഴ

തിരുവനന്തപുരം: കേരളത്തിൽ ശിശുമരണ നിരക്ക് കുറഞ്ഞത് യുവാക്കൾ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണെന്ന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ പരാമർശത്തിന്റെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ മനസിലായെന്ന തരത്തിലുള്ള ട്രോളുകൾ കൊണ്ട് നിറയുകയാണിപ്പോൾ.
വിദ്യാഭ്യാസം ഉണ്ടായിട്ടും എങ്ങനെ ഇത്തരത്തിൽ അസംബന്ധം വിളിച്ചു പറയുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ആദ്യം ആ വീഡിയോ കണ്ടപ്പോൾ എ ഐ ആണെന്ന് തെറ്റിധരിച്ചുവെന്നും, പിന്നീടാണ് യഥാർത്ഥ വീഡിയോ ആണെന്നും മനസിലായതെന്നും അദ്ദേഹം പരിഹസിച്ചു.
നിരവധിയാളുകളാണ് ട്രോളുകളുമായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ ശിശുമരണ നിരക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യം നല്ലതാണ്, എന്നാൽ ഇതിന് കാരണം യുവാക്കളെല്ലാം വിദേശത്തായതുകൊണ്ടാണ് എന്നായിരുന്നു രാജീവിന്റെ പ്രതികരണം. ബിപിഎൽ കമ്പനി പൊളിഞ്ഞതിന്റെ കാരണം ഇപ്പോഴാണ് പിടികിട്ടുന്നതെന്നും, യുവാക്കളാണല്ലോ കുട്ടികളെ ഉണ്ടാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞത് രാഹുൽ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ചായിരിക്കും എന്നും സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചു.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതൃസ്ഥാനത്തിരിക്കുന്ന ഒരാൾ ഇങ്ങനെ മണ്ടത്തരം പറയുകയാണെങ്കിൽ ആ പാർട്ടിയുടെ സാധാരണ അണികളുടെ അവസ്ഥ എന്താണെന്നും പലരും പ്രതികരിച്ചു. യാതൊരു അടിസ്ഥാനവും സാമൂഹികബോധവുമില്ലാത്ത ഈ പ്രസ്താവന സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ 'മണ്ടൻ സിദ്ധാന്തം' ബിജെപി അണികളെപ്പോലും വെട്ടിലാക്കിയിരിക്കുകയാണ്. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളെ പുച്ഛിക്കാൻ നോക്കിയ രാജീവ് ചന്ദ്രശേഖർ ഒടുവിൽ സ്വയം പരിഹാസ്യനായി മാറിയിരിക്കുകയാണ്.










0 comments