ഐസ്‌ലൻഡിൽ ആദ്യമായി കൊതുകുകളെ കണ്ടെത്തി

റെയ്ക്ജാവിക്: കൊതുകുകളിൽ നിന്ന് മുക്തമെന്ന് അറിയപ്പെട്ടിരുന്ന ഐസ്‌ലൻഡിൽ ആദ്യമായി കൊതുകുകളെ കണ്ടെത്തി. ഐസ്‌ലൻഡിലെ നാച്ചുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റമോളജിസ്റ്റ് മത്തിയാസ് ആൽഫ്രഡ്‌സൺ ആണ് കണ്ടെത്തൽ സ്ഥിരീകരിച്ചത്.
കുലിസെറ്റ ആനുലാറ്റ ഇനത്തിലെ മൂന്ന് കൊതുകുകളെയാണ് കണ്ടെത്തിയതെന്ന് ആൽഫ്രഡ്‌സൺ പറയുന്നു. ഈ വിഭാഗത്തിലെ രണ്ട് പെൺ കൊതുകുകളേയും ഒരു ആൺ കൊതുകിനെയും റെയ്ക്ജാവിക്കിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്ക് പ്രദേശത്താണ് കണ്ടെത്തിയത്. കയറുകളും തുണിത്തരങ്ങളും മധുരമുള്ള ചൂടാക്കിയ വീഞ്ഞിൽ മുക്കി "വൈൻ റോപ്പ്" കെണിയുണ്ടാക്കിയാണ് പ്രാണികളെ പിടികൂടിയത്.
അന്റാർട്ടിക്കയ്‌ക്കൊപ്പം ഐസ്‌ലൻഡും ലോകത്തിലെ കൊതുകുരഹിത പ്രദേശങ്ങളിൽ ഒന്നായാണ് ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്. വർഷങ്ങൾക്ക് മുമ്പ് കെഫ്‌ലാവിക് വിമാനത്താവളത്തിലെ വിമാനത്തിൽ ഒരു ഈഡിസ് നൈഗ്രിപ്‌സ് കൊതുകിനെ കണ്ടെത്തിയിരുന്നെങ്കിലും അത് സ്വാഭാവിക സംഭവമായി രേഖപ്പെടുത്തിയിട്ടില്ല.
ഒരുപക്ഷേ കപ്പലുകളിലൂടെയോ ഷിപ്പിംഗ് കണ്ടെയ്‌നറുകളിലൂടെയോ ആയിരിക്കാം കൊതുകുകൾ രാജ്യത്ത് പ്രവേശിച്ചതെന്ന് ഗവേഷകൻ പറഞ്ഞു. വരുന്ന വസന്തകാലത്ത് പ്രാണികൾ പടരാൻ തുടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കൂടുതൽ പഠനങ്ങൾ നടത്തും.
വളരെ തണുത്ത കാലാവസ്ഥയെ അതിജീവിക്കാനും താപനില പൂജ്യത്തിന് താഴെയാകുമ്പോഴും നീണ്ട ശൈത്യകാലം സഹിക്കാനും കഴിയുന്ന ഇനങ്ങളാണ് കുലിസെറ്റ ആനുലാറ്റ സ്പീഷീസുകൾ. വ്യത്യസ്ത പരിതസ്ഥിതികളിൽ പ്രജനനം നടത്താനും ഈ സ്പീഷീസിന് കഴിയും. ഇത് ഐസ്‍ലൻഡിൽ കൂടുതൽ കാലം അതിജീവിക്കാൻ കൊതുകുകളെ പ്രാപ്തമാക്കുമെന്ന് ഗവേഷകൾ കൂട്ടിച്ചേർത്തു.










0 comments