ad
Deshabhimani

ജലപീരങ്കിയല്ല, പീരങ്കി തന്നെ വച്ചാലും ഒരിഞ്ച് പിന്നോട്ട് പോകില്ല; എസ്എഫ്ഐ സമരത്തോടുള്ള മാധ്യമസമീപനത്തിൽ നിതീഷ് നാരായണൻ

Nitheesh Narayanan.jpg
വെബ് ഡെസ്ക്

Published on May 27, 2026, 07:18 AM | 2 min read

തിരുവനന്തപുരം: എസ്എഫ്ഐയുടെ പോരാട്ട ചരിത്രത്തെയും വിദ്യാർത്ഥി പ്രസ്ഥാനം നേരിട്ട ഭരണകൂട വേട്ടകളെയും ബോധപൂർവ്വം വിസ്മരിച്ച് ചാനൽ മുറികളിലിരുന്ന് വ്യാജക്കഥകൾ ചമയ്ക്കുന്ന മാധ്യമ മുത്തലാളിമാർക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ അഖിലേന്ത്യാ ഭാരവാഹിയുമായ നിതീഷ് നാരായണൻ.


എസ്എഫ്ഐയ്ക്ക് മൗനകാലമുണ്ടായിരുന്നു എന്ന രീതിയിൽ ചാനൽ ചർച്ചകളിൽ വ്യാജ പ്രസ്താവനകൾ നടത്തുന്ന അവതാരകരുടെ ഇരട്ടത്താപ്പാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ തുറന്നുകാട്ടിയത്.


ജനങ്ങളുടെ ഓർമ്മശക്തി മാധ്യമ കച്ചവടക്കാർക്ക് ആരും തീറെഴുതി നൽകിയിട്ടില്ലെന്ന് നിതീഷ് നാരായണൻ ഓർമ്മിപ്പിച്ചു. മാധ്യമപ്രവർത്തകർ ജീവിക്കുന്ന കാലത്തോടെങ്കിലും ചുരുങ്ങിയത് സത്യസന്ധത പുലർത്താൻ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


എസ് എഫ് ഐയുടെ മൗനകാലം ജനത്തിന് ഓർമ്മയുണ്ട് എന്നാണ് ഇന്നൊരു അവതാരകൻ ഒരു ചാനൽ ചർച്ചയിൽ പ്രസ്താവിച്ചത്. ജനത്തിൻ്റെ ഓർമ്മ അവിടെ നിൽക്കട്ടെ, മാധ്യമകച്ചവടക്കാർക്ക് തങ്ങളുടെ ഓർമ്മ ജനം തീറെഴുതി തന്നിട്ടില്ലല്ലോ. ചുരുങ്ങിയത് ജീവിക്കുന്ന കാലത്തോടെങ്കിലും സത്യസന്ധരാവുക, സാധിക്കുമെങ്കിൽ മാത്രം.


കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സമരം ചെയ്ത് ജയിലിൽ പോയ നാടേത് എന്ന ചോദ്യത്തിന് കേരളം എന്നാണ് ഉത്തരം. ഏറ്റവും കൂടുതൽ വിദ്യാർത്ഥി പ്രവർത്തകർ തടവിലിടപ്പെട്ട വിദ്യാർത്ഥി പ്രസ്ഥാനമേത് എന്ന ചോദ്യത്തിന് ഉത്തരം എസ് എഫ് ഐ എന്നും. മാധ്യമ വിശാരദന്മാർക്ക് ശേഷിയുണ്ടെങ്കിൽ ഖണ്ഡിക്കാം.


അവരിൽ ഭൂരിപക്ഷവും ജയിലിലടക്കപ്പെട്ടത് എന്തിനാണെന്ന് ഓർമ്മയുണ്ടോ? അത് ഈ നാട് മറക്കില്ല. നിങ്ങൾ മായ്ച്ചുകളയാൻ നോക്കിയാലും ഈ നാട് സമ്മതിക്കില്ല.


മേനോൻ മുഖ്യമന്ത്രി രാജ് ഭവനിൽ വച്ച് സ്നേഹാലിംഗനം നടത്തിയ ഒരു സംഘപരിവാറുകാരൻ ഇല്ലേ? ഇന്ത്യയിലെ ഫാസിസത്തിൻ്റെ പ്രധാന സവിശേഷതകളിൽ ഒന്നിൻ്റെ പ്രയോക്താവായി മാറിയ ഒരു ഹിന്ദുത്വ വർഗീയവാദി. അയാളെ അവിടെ അവരോധിച്ച ഗവർണർ രാജ്. ആ ഗവർണർ രാജിനെ പ്രതിരോധിച്ച് ജയിലിൽ പോയവരാണ് കേരളത്തിലെ എസ് എഫ് ഐക്കാർ. എന്നു വച്ചാൽ സകലമാന ഭരണഘടനാസ്ഥാപനങ്ങളും അകത്ത് നിന്ന് പിടിച്ചെടുത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള നവഫാസിസ്റ്റ് പ്രവണതയെ ഒരിഞ്ച് സന്ധിചെയ്യാതെ തെരുവിൽ നേർക്കുനേർ നേരിട്ടവരാണ് ആ വിദ്യാർത്ഥി സഖാക്കൾ. അർലേക്കറും മുൻപ് ആരിഫ് മുഹമ്മദ് ഖാനും ആ ചൂട് അറിഞ്ഞിട്ടുണ്ട്.ആ പോരാളികളെയാണ് മൗനകാലത്തിലായിരുന്നെന്ന് ചാപ്പ കുത്താൻ ചാനൽ മുറിയിലിരുന്ന് മോഹിക്കുന്നത്.


ചിലച്ചോളൂ, ഉത്തരം താങ്ങുന്നത് താനാണെന്നും കരുതിക്കോളൂ. പക്ഷെ, അത് നാട്ടുകാർ കൂടി പേറണം എന്ന് വ്യാമോഹിക്കരുത്.

ജലപീരങ്കിയല്ല, പീരങ്കി തന്നെ വച്ചാലും അവരൊരിഞ്ച് പിന്നോട്ട് പോവില്ല. വിലക്കെടുക്കപ്പെട്ടവർക്ക് അളക്കാൻ പറ്റാത്തൊരു ജനുസ്സാണത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home