മൊബൈൽ ബാറ്ററി വായിലിട്ട് കടിച്ച കുട്ടിക്ക് ഗുരുതരമായി പൊള്ളല്‍; ദൃശ്യങ്ങൾ പുറത്ത്

ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയൊരു അപകടമുണ്ടാവാൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ. മൊബെൽ ഷോപ്പിലെത്തിയ ഒരു കുട്ടി ബാറ്ററി വായിലിട്ട് കടിക്കുന്നതിന്റെയും പെട്ടെന്ന് അത് പൊട്ടിത്തെറിച്ച് തീഗോളമായി മാറുന്നതുമാണ് വീഡിയോയിലുള്ളത്. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഷോപ്പിലെ സർവീസ് കൗണ്ടറിന് സമീപം നിൽക്കുകയായിരുന്ന കുട്ടി അപ്രതീക്ഷിതമായി ബാറ്ററി കടിക്കുകയായിരുന്നു. പല്ല് അമർന്നതോടെ ബാറ്ററിയുടെ പുറംകവർ തകരുകയും നിമിഷങ്ങൾക്കുള്ളിൽ വൻ ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്ഫോടനത്തോടൊപ്പം തീഗോളവും പുകപടലങ്ങളും കുട്ടിയുടെ മുഖത്തേക്ക് ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രാസപ്രവർത്തനം മൂലം സെക്കൻഡുകൾക്കുള്ളിൽ ഉണ്ടായ ഈ സ്ഫോടനത്തിൽ കുട്ടിയുടെ വായക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
ലിഥിയം ബാറ്ററികൾക്ക് സമ്മർദ്ദമേൽക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ പെട്ടെന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്ക് ഇത്തരം വസ്തുക്കൾ കളിക്കാൻ നൽകുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന ഓർമ്മപ്പെടുത്തലോടെയാണ് ഈ വീഡിയോ വൈറലാകുന്നത്.









0 comments